ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ശങ്കരനാരായണനും കാർത്യായനി അമ്മയ്ക്കും ഒരു കൊച്ചുവീടെന്ന സ്വപ്നം യാഥാർത്ഥ്യമായി. ഇനി വേലിയേറ്റം മൂലം ഉണ്ടാകുന്ന വെള്ളക്കെട്ടിനെ പേടിക്കാതെ ഇവർക്ക് സ്വസ്ഥമായി കിടന്നുറങ്ങാം.

വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും സഹകരണത്തോടെ 4 ലക്ഷം രൂപ വകയിരുത്തി,ആശ്രയ ഭവന നിർമ്മാണ പദ്ധതിയിൽ പൂർത്തീകരിച്ച കോഴേക്കാട്ട് ശങ്കരനാരായണന്റെ വീടിന്റെ താക്കോൽദാനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. ഭവനരഹിതർ ഇല്ലാത്ത കേരളം ആണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എം മുകേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി റിഷി കെ, സിഡിഎസ് ചെയർപേഴ്സൺ ഗീതാഞ്ജലി ബിജു, സ്ഥിരം സമിതി അധ്യക്ഷന്മാരായ പ്രസന്ന അനിൽകുമാർ, ജിയോ ഡേവിസ്, സിന്ധു ബാബു, ഡിവിഷൻ അംഗം കെ ബി ബിനോയ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.