കരഞ്ഞുകലങ്ങിയ കണ്ണുകളുമായി തനിക്ക് അരികില്‍ എത്തിയ 74 കാരിയായ ദേവികയമ്മയെ ചേര്‍ത്ത് പിടിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍. തത്സമയം ലഭിക്കുന്ന പരാതിയിന്മേല്‍ നടപടി സ്വീകരിക്കാന്‍ 10 ദിവസം എടുക്കുമെന്നിരിക്കെ ഒറ്റയ്ക്ക് താമസിക്കുന്ന ദേവകിയമ്മയുടെ പ്രായത്തെയും ബുദ്ധിമുട്ടുകളെയും മാനിച്ച് അദാലത്ത് നഗരിയില്‍ വച്ച് തന്നെ പ്രശ്‌ന പരിഹാര നടപടികള്‍ സ്വീകരിച്ചു.

പീരുമേട് ഗ്രാമ പഞ്ചായത്ത് 12 -ാ0 വാര്‍ഡ് കല്ലാര്‍ സ്വദേശിനി അവിവാഹിതയായ നന്ദന്‍വേലില്‍ ദേവകിയമ്മ ഒറ്റയ്ക്കാണ് വീട്ടില്‍ താമസം. വേറെ വരുമാനമാര്‍ഗ്ഗമൊന്നുമില്ലാത്ത ദേവകയിയമ്മയ്ക്ക് വെള്ള കുടിശ്ശികയായി ലഭിച്ചത് 36365 രൂപയാണ്. കണക്ഷന്‍ വിച്ഛദിക്കപ്പെട്ടതോടെ പ്രതിസന്ധിയിലായ ദേവകിയമ്മ ഏറെ പ്രയാസപ്പെട്ട് 10000 രൂപയോളം അടച്ചു. ഒടുവില്‍ ദേവകിയമ്മ മന്ത്രി റോഷി അരികിലെത്തിയത് അവസാന പ്രതീക്ഷയെന്നോളമാണ്. ആ പ്രതീക്ഷ കൈവെടിയേണ്ടി വന്നില്ല.

മന്ത്രി കരുതലിന്റെ കൈത്താങ്ങായി ദേവകിയമ്മയെ ചേര്‍ത്ത് പിടിച്ചു. കുടിശികയായി അടയ്ക്കേണ്ട ബാക്കി തുക അടയ്ക്കേണ്ടതില്ല എന്നറിയിച്ചതോടെ ദേവകിയമ്മയുടെ ചുണ്ടില്‍ ചെറുപുഞ്ചിരി വിടര്‍ന്നു. ഉടനടി കണക്ഷന്‍ പുനഃസഥാപിച്ചു നല്‍കുന്നതിനുള്ള നടപടി കൈക്കൊള്ളാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കുകയും ചെയ്തു. ആനന്ദാശ്രുക്കളുമായാണ് ദേവകിയമ്മ അദാലത്ത് നഗരിയില്‍ നിന്നും മടങ്ങിയത്. ജനഹിതത്തിനൊപ്പം നില്‍ക്കുന്ന ജനകീയ സര്‍ക്കാര്‍ സാധാരണക്കാരായ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ അതീവ താല്പര്യത്തോടെയാണ് ഇടപ്പെടുന്നതെന്നും ഓരോ പരാതി പരിഹാര അദാലത്തും തെളിയിക്കുകയാണ്.