ജനവാസ കേന്ദ്രങ്ങളില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ അനുവദനീയമായ മാര്‍ഗങ്ങളില്‍ വെടിവച്ചുകൊല്ലാനുള്ള ഉത്തരവിട്ട് കോട്ടത്തറ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ കരിങ്കുറ്റി പ്രദേശത്ത് ജനങ്ങളുടെ സ്വത്തിന് ഭീഷണിയായ പന്നികളെ ഉന്മൂലനം ചെയ്യണമെന്നാവശ്യപ്പെട്ട് പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് ഹോണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍കൂടിയായ കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് പി.പി രനീഷ് ഉത്തരവ് ഇറക്കിയത്. പ്രദേശത്തെ തോക്ക് ലൈസന്‍സുള്ളതും നിയമപ്രകാരം പന്നിയെ വെടിവെച്ചു കൊല്ലാന്‍ അനുവദനീയമായ വ്യക്തിയെ ഇതിനായി നിയോഗിച്ചു കൊണ്ടുള്ള ഉത്തരവാണിറക്കിയത്.