പ്രവാസി പുനരധിവാസ വായ്പാ പദ്ധതി

സംസ്ഥാന പട്ടിക ജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ നോർക്ക റൂട്സുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന സ്വയം തൊഴില്‍ വായ്പാ പദ്ധതിയായ “പ്രവാസി പുനരധിവാസ വായ്പാ പദ്ധതി’ യ്ക്ക് കീഴില്‍ വായ്പ്പ അനുവദിക്കുന്നതിനായി കേരളത്തിലെ വിവിധ ജില്ലകളിലെ പട്ടികജാതി /പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട സംരംഭകത്വ ഗുണമുള്ള യുവതീ യുവാക്കളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.

അപേക്ഷകര്‍ പട്ടികവിഭാഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരും, 18 നും 55 നും മദ്ധ്യേ പ്രായമുള്ളവരുമായിരിക്കണം. ചുരുങ്ങിയത് രണ്ട് വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് മടങ്ങി വരുന്ന പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനാണ് പരമാവധി 20 ലക്ഷം രൂപ വരെ ഈ വായ്പ അനുവദിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഈടായി കോര്‍പറേഷന്‍റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കേണ്ടതാണ്.

താല്‍പര്യമുള്ള അപേക്ഷകര്‍ നിശ്ചിത മാതൃകയില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം ജാതി കുടുംബ വാര്‍ഷിക വരുമാനം, വയസ്സ് എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ പകര്‍പ്പ് കൂടി ഉള്ളടക്കം ചെയ്യേണ്ടതാണ്. അപേക്ഷയും അനുബന്ധ രേഖകളും നോര്‍ക്ക റൂട്ട്സിന്‍റെ വെബ്സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിച്ച് അപേക്ഷകര്‍ രാജിസ്ട്രേഷന്‍ നടത്തേണ്ടതിനാല്‍ ജില്ലാ ഓഫീസില്‍ നിന്നും പിന്നീട് ആവശ്യപ്പെടുന്ന മുറയ്ക്ക് മറ്റു വിവരങ്ങള്‍ ഹാജരാക്കേണ്ടതാണ്.

നോര്‍ക്ക റൂട്ട്സിന്‍റെ പരിശോധനയ്ക്കു ശേഷമായിരിക്കും കോര്‍പറേഷന്‍ തുടര്‍ന്ന് വായ്പക്കായി പരിഗണിക്കുക. താല്പര്യമുള്ളവര്‍ വിശദ വിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനുമായി എരഞ്ഞിപ്പാലത്ത് പ്രവര്‍ത്തിക്കുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍റെ കോഴിക്കോട് ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
വിശദാംശങ്ങൾക്ക്: 0495 2767606, 9400068511

 

ക്ലാർക്ക് കം അക്കൗണ്ടന്റ് ഒഴിവ്

ജലകൃഷി വികസന ഏജൻസി (ADAK) യുടെ കല്ലാനോട് ഹാച്ചറിയിൽ ക്ലാർക്ക് കം അക്കൗണ്ടന്റ് തസ്തികയിൽ ദിവസവേതനത്തിൽ നിയമിക്കുന്നതിനായി മെയ് 26 ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ച നടത്തുന്നു. ബി കോം ബിരുദം, എം എസ് ഓഫീസ്, ടാലി, ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ്, മലയാളം ലോവർ എന്നിവയാണ് അടിസ്ഥാന യോഗ്യതകൾ. കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളും, ഓരോ പകർപ്പും സഹിതം കല്ലാനോട് ഹാച്ചറിയിൽ നേരിൽ ഹാജരാകേണ്ടതാണെന്ന് മാനേജർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0490-2354073

 

വേദി മാറ്റം

വിമുക്തഭടന്മാരുടെയും അവരുടെ ആശ്രിതരുടെയും സ്പർശുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരാതികളും പരിശോധിക്കുന്നതിനും പരിഹരിക്കുന്നതിനും വേണ്ടി മെയ് 25 , 26 തിയ്യതികളിൽ കോഴിക്കോട് സൈനിക് റസ്റ്റ് ഹൗസ് ഹാളിൽ നിശ്ചയിച്ചിരുന്ന സ്പർശ് പ്രോഗ്രാം ജി വി എച്ച് എസ് സ്കൂൾ, നടക്കാവിലേക്ക് മാറ്റി നിശ്ചയിച്ചിരിക്കുന്നു. സേവനം ആവശ്യമുള്ള വിമുക്തഭടന്മാർ/ ആശ്രിതർ രാവിലെ 9:30 മുതൽ വൈകിട്ട് 4 മണി വരെ കൃത്യമായ രേഖകൾ സഹിതം ഹാജരാവേണ്ടതാണെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 7340846006, 8075015498, 9833932240

പശു വളർത്തൽ വിഷയത്തിൽ പരിശീലനം

മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ‘പശു വളർത്തൽ എന്ന വിഷയത്തിൽ മെയ് 25ന് രാവിലെ 10 മുതൽ നാല് മണി വരെ പരിശീലനം ഉണ്ടായിരിക്കുന്നതാണ്. പരിശീലനത്തിൽ പങ്കെടുക്കുന്നവർ 9188522713, 0491- 2815454 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചേയ്യേണ്ടതാണ്. പങ്കെടുക്കുന്നവർ ആധാർ കാർഡിന്റെ കോപ്പി കൊണ്ടുവരേണ്ടതാണ്.