ജില്ലയില്‍ ഒമ്പത് വിദ്യാലയങ്ങള്‍ ഉദ്ഘാടനം ചെയ്തു

പൊതുവിദ്യാലയങ്ങള്‍ നാടിന്റെ വഴിവിളക്കായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജില്ലയിലെ ഒമ്പത് വിദ്യാലയങ്ങളിലെ പുതിയ കെട്ടിടങ്ങള്‍ അടക്കം സംസ്ഥാനത്തെ 97 വിദ്യാലയങ്ങളിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാന സൗകര്യങ്ങള്‍ക്കൊപ്പം പൊതുവിദ്യാലയങ്ങളിലെ അക്കാദമിക നിലവാരവും ഉയരുകയാണ്. പൊതുവിദ്യാലയങ്ങളിലേക്ക് വിദ്യാര്‍ത്ഥികള്‍ വര്‍ഷം തോറും കൂടുതലായെത്തുകയാണ്. ഓരോ പൊതുവിദ്യാലയവും നവ കേരള നിര്‍മ്മിതിയുടെ അടിസ്ഥാനമാവുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജില്ലയില്‍ ജി.എച്ച്.എസ് പേര്യ, ജി.എച്ച്.എസ് തൃശ്ശിലേരി, ജി.എച്ച്.എസ് വാരാമ്പറ്റ, ജി.വി.എച്ച്.എസ്.എസ് വാകേരി, ജി.എച്ച്.എസ് പെരിക്കല്ലൂര്‍, ജി.യു.പി.എസ് കണിയാമ്പറ്റ, ജി.വി.എച്ച്.എസ്.എസ് വെള്ളാര്‍മല, ജി.എല്‍.പി.എസ് പൂമല, ജി.യു.പി.എസ് കാരച്ചാല്‍ എന്നീ വിദ്യാലയങ്ങളിലെ പുതിയ കെട്ടിടങ്ങളാണ് മുഖ്യമന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തത്. ഒരു കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ആറാട്ടുത്തറ ജി.എച്ച്.എസ്.സ്‌ക്കൂളിന്റെ ചുറ്റുമതിലും ഉദ്ഘാടനം ചെയ്തു.

മാനന്തവാടി നിയോജക മണ്ഡലത്തിലെ പേര്യ ഗവ. സ്‌കൂളില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ശിലാഫലകം ഒ.ആര്‍ കേളു എം.എല്‍.എ അനാച്ഛാദനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയ് മുഖ്യാതിഥിതിയായി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതി പ്രകാരം കിഫ് ബി ഫണ്ടില്‍ നിന്നും ഒരു കോടി രൂപ ചിലവഴിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്. ജില്ലാ പഞ്ചായത്ത് മെമ്പര്‍ മീനാക്ഷി രാമന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സല്‍മ മൊയിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വാരാമ്പറ്റ ജി.എച്ച്.എസില്‍ ഒ.ആര്‍ കേളു എം.എല്‍.എ ഫലകം അനാച്ഛാദനം ചെയ്തു. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, ജില്ലാപഞ്ചായത്ത് മെമ്പര്‍മാരായ കെ. വിജയന്‍, കെ.ബി നസീമ എന്നിവര്‍ പങ്കെടുത്തു. തൃശ്ശിലേരിയില്‍ നിര്‍മ്മിച്ച ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടത്തിന്റെ ശിലാഫലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അനാച്ഛാദനം ചെയ്തു. ചടങ്ങില്‍ ഒ.ആര്‍ കേളു എം.എല്‍.എ മുഖ്യാതിഥിയായി. വാര്‍ഡ് മെമ്പര്‍ കെ.വി വസന്തകുമാരി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബി.എം വിമല, ഹയര്‍ സെക്കണ്ടറി ആര്‍.ഡി.ഡി എം. സന്തോഷ്‌കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ കണിയാമ്പറ്റ ജി.യു.പിസ്‌കൂളില്‍ കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കമലാ രാമന്‍ ശിലാഫലകം അനാച്ഛാദനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു ജേക്കബ്, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പി.എന്‍ സുമ, നജീബ് കരണി, വാര്‍ഡ് മെമ്പര്‍ ലത്തീഫ് മേമാടന്‍, നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ ഇ. സുരേഷ് ബാബു, കണിയാമ്പറ്റ ജി.യു.പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ജോസ് കെ. സേവ്യര്‍, തുടങ്ങിയവര്‍ പങ്കെടുത്തു. വെള്ളാര്‍മല ജി.വി.എച്ച്.എസ് സ്‌കൂളില്‍ മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശ് ശിലാഫലകം അനാച്ഛാദനം ചെയ്തു. വെള്ളാര്‍മല ജി.വി.എച്ച്.എസ് സ്‌കൂള്‍ എച്ച്.എം ഇന്‍ ചാര്‍ജ് വി. ഉണ്ണികൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മേപ്പാടി പഞ്ചായത്ത് മെമ്പര്‍മാരായ സി.കെ നൂറുദീന്‍, എന്‍.കെ സുകുമാരന്‍, കെ. ബാബു, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി.പി ബാലഗംഗാധരന്‍, വെള്ളാര്‍മല ജി.വി.എച്ച്.എസ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഭവ്യ ലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ പൂമല ജി.എല്‍.പി.എസില്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ് ഫലകം അനാച്ഛാദനം ചെയ്തു. നഗരസഭാ ഡെപ്യുട്ടി ചെയര്‍പേഴ്സണ്‍ എല്‍സി പൗലോസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ടോം ജോസ്, ഷാമില ജുനൈസ്, പി.എസ് ലിഷ തുടങ്ങിയവര്‍ പങ്കെടുത്തു. വാകേരി ജി.വി.എച്ച്.എസ് എസ് സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷാ തമ്പി ഫലകം അനാച്ഛാദനം ചെയ്തു. പനമരം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ കൈലേഷ് സത്യാലയം, വാര്‍ഡ് മെമ്പര്‍മാരായ ശ്രീകല ശ്യാം, രുഗ്മണി സുബ്രമണ്യം എന്നിവര്‍ പങ്കെടുത്തു. കാരച്ചാല്‍ ജി.യു.പി.എസില്‍ അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ഹഫ്‌സത്ത് ഫലകം അനാച്ഛാദനം ചെയ്തു. അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഷമീര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. പെരിക്കല്ലൂര്‍ ജി.എച്ച്.എസില്‍ മുള്ളന്‍ങ്കൊല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ വിജയന്‍ ഫലകം അനാച്ഛാദനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഗിരീഷ്‌കുമാര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.