സാധാരണക്കാരായ ജനങ്ങൾക്ക് അവരുടെ അവകാശങ്ങൾ കൃത്യതയോടെ ലഭ്യമാക്കാനാവണം നിയമങ്ങളും ചട്ടങ്ങളും എന്നാണ് സർക്കാരിന്റെ നിലപാടെന്ന് റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന കരുതലും കൈത്താങ്ങും കൊടുങ്ങല്ലൂർ താലൂക്ക് തല അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മനുഷ്യനിർമ്മിതമായ നിയമങ്ങളുടെയും ചട്ടങ്ങളുടെയും പേര് പറഞ്ഞ് തങ്ങളുടെ മുമ്പിലെത്തുന്ന സാധാരണക്കാരന്റെ പ്രശ്നങ്ങളെ തടയിടാനുള്ള ശ്രമം ഉണ്ടാകരുത്. വിവാദങ്ങളുടെ വ്യവസായത്തിനല്ല, മാനുഷികമായ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനാണ് സർക്കാർ ആഗ്രഹിക്കുന്നത്.
അതിദരിദ്രരെ കണ്ടെത്തുന്നതു മുതൽ രാജ്യത്തെ ആദ്യ ജല മെട്രോ വരെ അത്ഭുതകരമായിട്ടുള്ള ഇൻഫ്രാസ്ട്രക്ചർ സൗകര്യങ്ങളാണ് സംസ്ഥാനത്ത് ഒരുക്കുന്നത്. ലോകം അത്ഭുതത്തോടെയും ആദരവോടെയും കൗതുകത്തോടെയും കാണുന്ന സ്ഥലമായി കേരളം മാറി കൊണ്ടിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൊടുങ്ങല്ലൂർ മുൻസിപ്പൽ ടൗൺ ഹാളിൽ നടന്ന അദാലത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു മുഖ്യാതിഥിയായി. സദ്ഭരണത്തിന്റെ ഭാഗമായി സുതാര്യതയും പ്രാപ്തതയും ജനസൗഹൃദാർദപരവുമായ സമീപനങ്ങൾ ശക്തിപ്പെടുത്തുക എന്നതാണ് അദാലത്തിന്റെ പ്രധാന ഉദ്ദേശമെന്ന് മന്ത്രി പറഞ്ഞു.
പതിറ്റാണ്ടുകളായി പരിഹാരം ഉണ്ടാകാതെ കിടന്ന ഒരുപാട് പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാൻ അദാലത്തിലൂടെ കഴിഞ്ഞു. ജനങ്ങളും സർക്കാരും തമ്മിലുള്ള അകലം കുറച്ചുകൊണ്ടുവന്ന് പൂർണ്ണമായും ജനങ്ങളോടൊപ്പം നിൽക്കുന്ന സർക്കാരായി തുടരുകയാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ അഡ്വ. വി ആർ സുനിൽകുമാർ അധ്യക്ഷനായി. ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ വിശിഷ്ട സാന്നിധ്യമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, കൊടുങ്ങല്ലൂർ മുനിസിപ്പൽ ചെയർപേഴ്സൺ ടി കെ ഗീത, മുനിസിപ്പൽ കൗൺസിലർ കെ ആർ ജൈത്രൻ, ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജ, സബ് കലക്ടർ മുഹമ്മദ് ഷെഫീക്ക്, എഡിഎം ടി മുരളി ഡെപ്യൂട്ടി കലക്ടർ എം സി ജ്യോതി, കൊടുങ്ങല്ലൂർ തഹസിൽദാർ കെ രേവ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.