ഫോർട്ട്കൊച്ചി സ്വദേശിയായ പി.എം ഹനീഫയ്ക്ക് അദാലത്തിന്റെ കൈത്താങ്ങ്. അസുഖബാധിതനായ ഹനീഫയ്ക്ക് മരുന്നുകൾ സൗജന്യമായി ലഭ്യമാക്കിയാണ് മട്ടാഞ്ചേരിയിൽ നടന്ന കരുതലും കൈത്താങ്ങും കൊച്ചി താലൂക്ക്തല അദാലത്ത് സഹായകമായത്.
55 ശതമാനം ഭിന്നശേഷിക്കാരിയായ ഭാര്യ പി.ജെ. അഫ്സിയയുമായാണ് ഫോർട്ട്കൊച്ചി കുന്നുംപുറം വീട്ടിൽ ഹനീഫ അദാലത്ത് വേദിയിൽ എത്തിയത്. പരാതി പരിഗണിച്ച മന്ത്രി പി.പ്രസാദ് ഹനീഫയ്ക്ക് മരുന്നുകൾ സൗജന്യമായി ലഭ്യമാക്കാൻ ജില്ലയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയായിരുന്നു.
ഹൃദയശസ്ത്രക്രിയയ്ക്ക് ശേഷം നിലവിൽ എറണാകുളം ജനറൽ ആശുപത്രിയിലെ ചികിത്സയിലാണ് ഹനീഫ. സ്ഥിര വരുമാനം ഇല്ലാതെ പെൻഷൻ തുകയെ മാത്രം ആശ്രയിച്ച് കഴിയുന്ന ഈ കുടുംബത്തിന്റെ വൈദ്യുതി ചാർജിൽ ഇളവ് ലഭ്യമാക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.