മണ്ണാര്‍ക്കാട് താലൂക്ക് തല പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്തു
കഴിഞ്ഞ നാല് അദാലത്തുകളിലായി സാധാരണക്കാരായ ഒട്ടേറെ ജനങ്ങളുടെ സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടുവെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. കരുതലും കൈത്താങ്ങും മണ്ണാര്‍ക്കാട് താലൂക്ക് തല പരാതി പരിഹാര അദാലത്ത് എം.ഇ.എസ് കല്ലടി കോളെജ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അദാലത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് ബോധ്യപ്പെട്ടതായും മന്ത്രി പറഞ്ഞു. അദാലത്ത് വേദിയില്‍ നേരിട്ട് സ്വീകരിക്കുന്ന പരാതികള്‍ 30 ദിവസത്തിനകം പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റിയ 20 പേരുടെ റേഷന്‍ കാര്‍ഡുകള്‍ വേദിയില്‍ വൈദ്യുത വകുപ്പ് മന്ത്രി കൈമാറി.
കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്ത് ഉദ്ഘാടന പരിപാടിയില്‍ എം.എല്‍.എ അഡ്വ. എന്‍. ഷംസുദ്ദീന്‍ അധ്യക്ഷനായി. മണ്ണാര്‍ക്കാട് മുന്‍സിപ്പല്‍ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ബുഷറ, അലനല്ലൂര്‍, കോട്ടോപ്പാടം, തച്ചനാട്ടുകര, കുമരംപുത്തൂര്‍, തെങ്കര, കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കാരാകുറുശ്ശി, കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ മുള്ളത്ത് ലത, അക്കര ജസീന, കെ.പി.എം സലീം, ലക്ഷ്മിക്കുട്ടി, എ. ഷൗക്കത്തലി, സതീ രാമരാജന്‍, ഒ. നാരായണന്‍ കുട്ടി, എ. പ്രേമലത, രാമചന്ദ്രന്‍ മാസ്റ്റര്‍, ജില്ലാ കലക്ടര്‍ ഡോ.എസ്.ചിത്ര, ഒറ്റപ്പാലം സബ് കലക്ടര്‍ ഡി. ധര്‍മ്മലശ്രീ, അസിസ്റ്റന്റ് കലക്ടര്‍ ഡി. രഞ്ജിത്ത്, എ.ഡി.എം കെ. മണികണ്ഠന്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.