വർഷങ്ങളായി കിട്ടാകനിയെന്ന് കരുതി കൊതിച്ചിരുന്ന പട്ടയം ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു പൊന്നാനി അഴീക്കൽ സ്വദേശി മൂസക്കാനകത്ത് ആമി. 11 കൊല്ലം മുമ്പാണ് പട്ടയത്തി അപേക്ഷ കൊടുത്തത്. പട്ടയത്തിനായി ഓഫീസുകൾ കയറിയിറങ്ങിയ നാളുകളിലെ ഓർമകൾ പങ്കുവെച്ചപ്പോൾ ആമിയുടെ തൊണ്ടയിടറി. എന്നാൽ ആ ദുരിതകാലത്തിന് അറുതിയായതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെക്കാനും ആമി മറന്നില്ല.
‘കരുതലും കൈത്താങ്ങും’ പൊന്നാനി താലൂക്ക്തല അദാലത്തിൽ 89 കാരിയായ ആമിയുടെ പരാതിയിൽ മന്ത്രി വി. അബ്ടുറഹിമാൻ ഇടപെട്ടു. വസ്തുത പരിശോധിച്ച് പട്ടയം അനുവദിക്കാൻ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഇതോടെ പട്ടയത്തിനായുളള ആമിയുടെ വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമായി.