കേരളത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരമാക്കുന്നതിന് മുന്നോടിയായി 14 ജില്ലകളിലെയും തെരഞ്ഞെടുക്കപ്പെട്ട ഓരോ പഞ്ചായത്തുകളില്‍ നടപ്പാക്കുന്ന ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരത ക്ലാസുകളുടെ ഉദ്ഘാടനം ജില്ലയിലെ മരുതറോഡ് ഗ്രാമപഞ്ചായത്തില്‍ എ. പ്രഭാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

അറിവിനൊപ്പം ആധുനിക സാങ്കേതികവിദ്യ കൈകാര്യം ചെയ്യുന്നതിനുളള കഴിവ് നേടിയെടുക്കുന്നതിന് കൈറ്റിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ പത്ത് മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പരിശീലനത്തിലൂടെ എല്ലാവരും പ്രാപ്തരാകുമെന്ന് എം.എല്‍.എ പറഞ്ഞു. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ അതിഥി തൊഴിലാളികള്‍ക്കായി നടത്തിയ സര്‍വ്വെയുടെ റിപ്പോര്‍ട്ട് പ്രകാശനവും മുഖ്യപ്രഭാഷണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു.

മരുതറോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായ യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. നിര്‍മല, ബ്ലോക്ക് പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍ ആര്‍. ശോഭന, സ്ഥിരം സമിതി അധ്യക്ഷരായ ഗോപിനാഥന്‍ ഉണ്ണിത്താന്‍, ആര്‍. കൃഷ്ണകുമാരി, സാക്ഷരതാമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. മനോജ് സെബാസ്റ്റ്യന്‍, കൈറ്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അജിത വിശ്വനാഥ്, ജില്ലാ സാക്ഷരതാമിഷന്‍ അസി. കോ-ഓര്‍ഡിനേറ്റര്‍ പി.വി പാര്‍വതി, സെക്രട്ടറി കെ.പി രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

സംസ്ഥാനത്ത് തന്നെ ആദ്യ ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരത ക്ലാസുകളുടെ പരിശീലനമാണ് മരുതറോഡ് നടന്നത്. ഇതിന് മുന്നോടിയായി നടന്ന ഡിജിറ്റല്‍ സാക്ഷരത സര്‍വെയില്‍ 2186 പഠിതാക്കളെ വിവിധ വാര്‍ഡുകളിലായി കണ്ടെത്തിയിരുന്നു. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലനത്തിനു ശേഷം കണ്ടെത്തിയ പഠിതാക്കള്‍ക്ക് സന്നദ്ധപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പത്ത് മണിക്കൂറില്‍ കുറയാത്ത പ്രായോഗിക പരിശീലനം സംഘടിപ്പിച്ചാണ് ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരത പദ്ധതി നടപ്പാക്കുന്നത്.