മലയാളി യുവത ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരായി മാറുകയാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ടൂറിസം ക്ലബ്ബിന്റെ ഔദ്യോഗിക വെബ്‌സൈറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച സംസാരിക്കുകയായിരുന്നു മന്ത്രി. അവധിക്കു ശേഷം കോളജുകള്‍ വീണ്ടും തുറക്കാന്‍ പോകുന്ന സാഹചര്യത്തില്‍ കൂടുതല്‍ ടൂറിസം ക്ലബ്ലുകള്‍ രൂപീകരിക്കാനും പ്രവര്‍ത്തിപ്പിക്കാനും കഴിയണമെന്ന് മന്ത്രി പറഞ്ഞു.

ടൂറിസം മേഖലയില്‍ വിദ്യാര്‍ഥികളുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്താനാണ് ടൂറിസം ക്ലബ് രൂപീകരിക്കുന്നത്. വിദ്യാര്‍ഥികളുടെ ആശയപരമായ സംഭാവനകളും , കര്‍മ്മശേഷിയും ടൂറിസം വികസനത്തില്‍ ഉള്‍പ്പെടുത്തി ടൂറിസം കേന്ദ്രങ്ങളുടെ പരിപാലനം വിലയിരുത്തി പ്രവര്‍ത്തിക്കുക, ടൂറിസം മേഖലകളില്‍ യുവത്വത്തെ ഇടപെടാന്‍ അവസരം നല്‍കി കേരള ടൂറിസത്തിന് ഉണര്‍വ് സൃഷ്ടിക്കുക തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിലവില്‍ ടൂറിസം ക്ലബ്ബ് പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ എല്ലാം ശ്രദ്ധേയമായി മാറിയിരുന്നു.

ടൂറിസം കേന്ദ്രത്തിന്റെ പരിപാലനത്തിന്റെ ഭാഗമായി ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഇതിന് ഉദാഹരണമാണ്. മനോഹരമായ ചുവര്‍ ചിത്രങ്ങള്‍ വരച്ചും, കേടുപാടുകള്‍ സംഭവിച്ച വൈദ്യുതി വിളക്കുകള്‍ അറ്റകുറ്റപണികള്‍ നടത്തി വൈദ്യുതീകരിച്ചും, വില്ലേജിന്റെ മുഖം തന്നെ മാറ്റിയ മാതൃകയായിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഓണാഘോഷത്തില്‍ ഉള്‍പ്പെടെ ടൂറിസം ക്ലബ് അംഗങ്ങള്‍ പ്രധാന പങ്കാളിത്തം വഹിച്ചു. രാജ്യത്തിന് പുറത്തും ടൂറിസം ക്ലബിന് തുടക്കമിട്ടു.

www.tourismclubkerala.org എന്ന വെബ്‌സൈറ്റ് മുഖേനയാണ് ടൂറിസം ക്ലബ് ആരംഭിക്കുന്നതിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത്. കേരളത്തിലുള്ള എല്ലാ വിഭാഗം കോളജുകള്‍ക്കും അപേക്ഷിക്കാം. ഓരോ കോളജുകളും ഓരോ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ദത്ത് വില്ലേജുകളായി തിരഞ്ഞെടുക്കണം. നിലവില്‍ 382 ടൂറിസം ക്ലബ്ബുകളിലായി 18,000 അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ടൂറിസം ക്ലബ്ബുകള്‍ കലാലയങ്ങളില്‍ പുതിയ വിനോദ സഞ്ചാര ട്രെന്‍ഡുകള്‍ക്ക് വഴിയൊരുക്കി വിദ്യാര്‍ത്ഥികളില്‍ ടൂറിസത്തില്‍ താല്പര്യം സൃഷ്ടിക്കും. പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കിടയില്‍ നിന്നും ഭാവിയിലെ ടൂറിസം പ്രൊഫഷണലുകളെ കണ്ടെത്താനും കഴിയും.

സമൂഹ മാധ്യങ്ങളിലൂടെ ടൂറിസം കേന്ദ്രങ്ങളുടെ പ്രചാരണത്തിന് ക്ലബ്ബുകളെ ഉപയോഗിക്കാന്‍ കഴിയും. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നല്ല വ്‌ളോഗര്‍മാരുണ്ട്, അവരിലൂടെ സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങള്‍ കൂടുതല്‍ സഞ്ചാരികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ സഹായിക്കും. ടൂറിസം മേഖലയില്‍ വിദ്യാര്‍ഥികളുടെ സജീവ പങ്കാളിത്തം ടൂറിസത്തിന്റെ വികസന സാധ്യതകളിലേക്ക് വഴിയൊരുക്കും.

വിദ്യാര്‍ത്ഥികള്‍ക്ക് ടൂറിസം മേഖലയിലെ തൊഴിലുകള്‍ക്കനുസൃതമായി അവരുടെ നൈപുണ്യം വളര്‍ത്തുവാന്‍ സാധിക്കും. ടൂറിസം മേഖലയിലൂടെ പുത്തന്‍ തൊഴില്‍ സംരംഭകത്വ സാധ്യതകള്‍ സൃഷ്ടിക്കും. വിദ്യാര്‍ത്ഥികളുടെ ആശയപരമായ സംഭാവനകളും, കര്‍മ്മശേഷിയും ടൂറിസം വികസനത്തില്‍ ഉള്‍പ്പെടുത്തി ടൂറിസം കേ ന്ദ്രങ്ങളുടെ പരിപാലനം വിലയിരുത്തി പ്രവര്‍ത്തിക്കും. ഈ നിലയില്‍ ജനകീയ ടൂറിസത്തിന്റെ അംബാസിഡര്‍മാരായി നമ്മുടെ യുവത്വത്തെ മാറ്റും. മികച്ച ടൂറിസം സംസ്‌കാരം വളര്‍ത്തി എടുക്കാന്‍ ഇതിലൂടെ സാധിക്കും.

സമൂഹത്തിന്റെ അടിത്തട്ടിലേക്ക് ടൂറിസം ക്ലബ്ബിനെ എത്തിക്കും. അതിലൂടെ ഒരു മുന്നേറ്റം നമുക്ക് സാധ്യമാക്കാനാകുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. അടുത്ത ടൂറിസം സീസണ്‍ മുന്‍പ് നമ്മുടെ ഡെസ്റ്റിനേഷനുകള്‍ എല്ലാം കൃത്യമായി പരിപാലിക്കപ്പെടുന്നു എന്ന് ഉറപ്പാക്കണം ഇന്ന് മുതല്‍ അതിനുള്ള പ്രവര്‍ത്തനം ആണ്. ഓരോരുത്തരും ടൂറിസം അംബാസിഡറായിമാറി ടൂറിസം ക്ലബ്ബുകളെ വിജയിപ്പി ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ടൂറിസം ക്ലബ്ബ് സംഘടിപ്പിച്ച ‘ഫീല്‍ ഇറ്റ് റീല്‍ ഇറ്റ്’ റീല്‍സ് മത്സര വിജയികള്‍ക്കുള്ള അവാര്‍ഡുകളും മന്ത്രി വിതരണം ചെയ്തു. കോഴിക്കോട് സ്വദേശി അസ്ലിം എന്‍, തിരുവനന്തപുരം സ്വദേശി വൈശാഖ് എല്‍ എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയത്.

കെടിഡിസി ഗ്രാന്‍ഡ് ചൈത്രം ഹോട്ടലില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ടൂറിസം ഡയറക്ടര്‍ പി ബി നൂഹ്, അഡീഷണല്‍ ഡയറക്ടര്‍ പ്രേംകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.