മതിയായ രേഖകൾ ഇല്ലാതിരുന്ന ഭൂമിക്ക് പുതിയ പട്ടയം അനുവദിച്ചു
അര നൂറ്റാണ്ടിലേറെയായി സ്വന്തമെന്നു കരുതിയ ഭൂമിക്ക് രേഖകളിൽ പട്ടയം ഇല്ല, ആധാരം അടക്കം കൃത്യമായ രേഖകൾ ഒന്നുമില്ല. ജീവിക്കാൻ കൃത്യമായ വരുമാനമോ കയറിക്കിടക്കാൻ മറ്റൊരു ഇടമോ ഇല്ലാത്ത വൃദ്ധദമ്പതികളായ സുന്ദരത്തിനും രമണിക്കും അക്ഷരാർത്ഥത്തിൽ കരുതലും കൈത്താങ്ങും ആകുകയായിരുന്നു ചാലക്കുടി കാർമൽ ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന അദാലത്ത്.
രേഖകൾ ഒന്നും കൈവശമില്ലാതിരുന്ന ജൂബിലി പട്ടയം ആയിരുന്നു സുന്ദരത്തിന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്നത്. പ്രതീക്ഷകൾക്ക് അപ്പുറം പുതിയ പട്ടയം അനുവദിച്ചുകൊണ്ടാണ് സുന്ദരത്തിന് അദാലത്ത് കൈത്താങ്ങായത്.
50 വർഷമായി കൈവശമുള്ള ഭൂമി പോക്ക് വരവ് ചെയ്തു കിട്ടാനാണ് ഭാര്യ രമണിക്കൊപ്പം വരന്തരപ്പിള്ളി വേലുപ്പാടം സ്വദേശിയായ സുന്ദരം കരുതലും കൈത്താങ്ങും അദാലത്തിലെത്തിയത്. എന്നാൽ കൃത്യമായ രേഖകൾ ഇല്ലാത്ത ഭൂമി പോക്കുവരവ് ചെയ്ത് കിട്ടാൻ മാർഗ്ഗമില്ല. ഒരു തുണ്ട് ഭൂമി പോലും സ്വന്തമില്ലാത്ത ഈ വൃദ്ധ ദമ്പതികളുടെ അവസ്ഥ നേരിട്ട് മനസ്സാക്കിയ ശേഷമാണ് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഒരു മാസത്തിനുള്ളിൽ പുതിയ പട്ടയം അനുവദിക്കാൻ ഉത്തരവിട്ടത്.
പാരപ്പിള്ളി ഹാരിസൺ മലയാളത്തിലെ ജീവനക്കാർ ആയിരുന്ന സുന്ദരവും രമണിയും തുച്ഛമായ പെൻഷൻ തുകയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. 25 വർഷങ്ങൾക്കു മുമ്പ് മസ്കുലാർ ഡിസ്ട്രോഫി സുന്ദരത്തിൻ്റെ ജീവിതം കീഴ്മേൽ മറിച്ചതാണ്. പരസഹായമില്ലാതെ ജീവിക്കാനാവാത്ത സുന്ദരത്തിന് പുതിയ പട്ടയം ആശ്വാസത്തിൻ്റെ വെട്ടമാണ് നൽകിയത്.