നിർമ്മാണം വിലക്കിയ ഉത്തരവ് പുനഃ പരിശോധിക്കാൻ കെ എസ് ഡി എം എയെ ചുമതലപ്പെടുത്തും
കോടശ്ശേരി നിവാസികൾക്ക് ആശ്വാസമായി കരുതലും കൈത്താങ്ങും. കോടശ്ശേരി ഗ്രാമപഞ്ചായത്തിലെ നിർമ്മാണം വിലക്കി കൊണ്ടുള്ള ഉത്തരവ് പുനഃപരിശോധന നടത്താൻ ചാലക്കുടി കാർമൽ സ്കൂളിൽ നടന്ന കരുതലും കൈതങ്ങും അദാലത്തിൽ തീരുമാനമായി.
2018 ലെ മഹാമാരിയിൽ പ്രകൃതിദുരന്തത്തെ നേരിട്ട കോടശ്ശേരി പഞ്ചായത്തിൽ നിർമ്മാണം വിലക്കി കൊണ്ടുള്ള ഉത്തരവ് നിലനിൽക്കുകയാണ്. മുന്നൂറോളം കുടുംബങ്ങളാണ് ഈ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യവുമായി അദാലത്തിലെത്തിയത്. ജീർണാവസ്ഥയിലായ മേപ്പടിപാടം സെന്റ് ജോസഫ് പള്ളിയുടെ അടക്കം നിരവധി നിർമ്മാണ പ്രവർത്തനങ്ങളാണ് അനിശ്ചിതത്വത്തിൽ ആയിരിക്കുന്നത്.
ജില്ലാ കലക്ടർ സ്ഥലം സന്ദർശിച്ച വിലയിരുത്തൽ നടത്താനും എസ് ഡി എം എ (ദുരന്ത നിവാരണ സമിതി)യെ കൊണ്ട് സ്ഥലം പുനഃ പരിശോധിച്ചു അടിയന്തര നടപടി സ്വീകരിക്കാനും റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഉത്തരവിട്ടു. ഈ വിഷയവുമായി ബന്ധപ്പെട്ട് അടിയന്തര യോഗം ജൂൺ മാസത്തിൽ ചേരാനും അദാലത്തിൽ തീരുമാനമായി. കോടശ്ശേരി പഞ്ചായത്തിലെ നൂറുകണക്കിന് കുടുംബങ്ങളുടെ ആവശ്യമാണ് അദാലത്തിൽ പരിഗണിക്കപ്പെട്ടത്.