വീടുകളിൽ റേഷൻ എത്തിക്കുന്ന ഭക്ഷ്യ പൊതുവിതരണ ഉപഭോക്ത വകുപ്പിന്റെ ഒപ്പം പദ്ധതി വഴി കൊപ്രക്കളം സ്വദേശിനി തങ്കമണിക്ക് ആശ്വാസമെത്തുന്നു. ഭർത്താവും മകനും മരണപ്പെട്ട് ഒറ്റയ്ക്ക് താമസിക്കുന്ന തങ്കമണിയമ്മ കരുതലും കൈത്താങ്ങും പ്രതീക്ഷിച്ചാണ് അദാലത്തിൽ അപേക്ഷ സമർപ്പിച്ചത്. അപേക്ഷ അംഗീകരിച്ച് പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കക്ഷേമ പാർലമെന്ററികാര്യ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ, റവന്യു ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ, ഉന്നത വിദ്യാഭ്യാസം സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു എന്നിവർ ചേർന്ന് ചാലക്കുടി പിഡബ്യുഡി റസ്റ്റ് ഹൗസിൽ വെച്ച് ഫ്ലാഗ് ഓഫ് നിർവഹിച്ചു.
അതിദാരിദ്ര വിഭാഗത്തിൽ ഉള്ളവർക്കും കടയിൽ നേരിട്ട് പോയി റേഷൻ വാങ്ങാൻ സാധിക്കാത്തവർക്കും ഓട്ടോയിൽ റേഷൻ എത്തിക്കുന്ന പദ്ധതിയാണ് ഒപ്പം.
ചടങ്ങിൽ ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ, സപ്ലൈകോ ഓഫീസർ പി ആർ ജയചന്ദ്രൻ, ചാലക്കുടി താലൂക്ക് സപ്ലൈകോ ഓഫീസർ ടി ജെ സിന്ധു, സബ് കലക്ടർ മുഹമ്മദ് ഷെഫീഖ്, അസിസ്റ്റന്റ് കലക്ടർ വി എം ജയകൃഷ്ണൻ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.