സ്വന്തം ഭൂമിയുടെ അതിര് അളന്ന് തിട്ടപ്പെടുത്താൻ കുന്നത്ത് വീട്ടിൽ കൗസല്യയ്ക്ക് ഇനി കാലങ്ങൾ കാത്തിരിക്കേണ്ട. ഒരാഴ്ചക്കുള്ളിൽ അതിര് അളന്ന് തിട്ടപ്പെടുത്താൻ കുന്നംകുളം താലൂക്ക് സർവ്വെയർക്ക് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർദ്ദേശം നൽകി.
ഭൂമിയ്ക്ക് പട്ടയം ലഭിക്കാൻ വേണ്ട അപേക്ഷ വില്ലേജ് ഓഫീസർ എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്നും മന്ത്രി നിർദ്ദേശം നൽകി. കുന്നംകുളം താലൂക്ക് തല പരാതി പരിഹാര അദാലത്തിലാണ് കൗസല്യയുടെ നീണ്ട കാലത്തെ പ്രശ്നത്തിന് ഞൊടിയിടയിൽ പരിഹാരമായത്.
കുന്നംകുളം താലൂക്കിൽ വേലൂർ വില്ലേജിലുൾപ്പെട്ട 15 സെന്റ് വസ്തുവിന് 2000 – 2001 കാലയളവു വരെ നികുതി അടച്ചിരുന്നതാണ്. 1967 ൽ പട്ടയം അനുവദിച്ചിരുന്നതുമാണ്. എന്നാൽ വസ്തുവിന്റെ സർവ്വേ നമ്പർ തെറ്റായതിനാലും പട്ടയ രേഖകൾ കൈവശമില്ലാത്തതിനാലും അതിര് അളന്ന് തിട്ടപ്പെടുത്തണമെന്ന സ്ഥിതിയിലായി. കൗസല്യയുടെ ആവശ്യം അനന്തമായ നീണ്ടു പോകുന്ന സാഹചര്യത്തിലാണ് കരുതലും കൈത്താങ്ങും ആശ്വാസമേകിയത്.