മോയിൻകുട്ടി വൈദ്യർ സ്മാരകത്തിൽ നടന്ന ‘കരുതലും കൈത്താങ്ങും’ കൊണ്ടോട്ടി താലൂക്ക്തല പരാതി പരിഹാര അദാലത്തിൽ പരിഗണിച്ചത് 1351 പരാതികൾ. കായിക വഖഫ് ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്ത് നടത്തിയത്. 711 പരാതികളാണ് നേരത്തെ ലഭിച്ചത്. 640 പുതിയ പരാതികളും ലഭിച്ചു.
ഇതിൽ 158 പരാതികൾ ഉടൻ പരിഹരിച്ചു. അദാലത്തിൽ പരിഹാരം കാണാത്ത പരാതികൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടാണ് കൂടുതൽ പരാതികൾ ലഭിച്ചത്.
കൃഷി, പൊതുവിതരണ വകുപ്പ്, വിദ്യാഭ്യാസം, വനം തുടങ്ങിയവ വകുപ്പുകളുമായി ബന്ധപ്പെട്ടും പരാതികൾ ലഭിച്ചു. എം.എൽ.എമാരായ ടി വി ഇബ്രാഹിം, പി ഉബൈദുള്ള, പി അബ്ദുൽ ഹമീദ്, ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ, സബ് കളക്ടർ ശ്രീധന്യ സുരേഷ്, അസിസ്റ്റന്റ് കളക്ടർ കെ മീര എന്നിവർ പങ്കെടുത്തു.