മുണ്ടേരിയില്‍ നിര്‍മ്മിച്ച തണലോരം ഷെല്‍ട്ടര്‍ഹോമും, മുനിസിപ്പല്‍ പാര്‍ക്കും ടി. സിദ്ദിഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ മനഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് അദ്ധ്യകഷത വഹിച്ചു. ഉറ്റവരില്ലാതെ കല്‍പ്പറ്റ നഗരത്തിലെത്തില്‍ അന്തിയുറങ്ങുന്നവര്‍ക്കായാണ് നഗരസഭ മുണ്ടേരിയില്‍ തണലോരം ഷെല്‍ട്ടര്‍ ഹോം നിര്‍മ്മിച്ചത്.

ദേശീയ നഗര ഉപജീവന ദൗത്യത്തില്‍ ഉള്‍പ്പെടുത്തിയാണ് മുണ്ടേരിയില്‍ ഷെല്‍ട്ടര്‍ ഹോം തുടങ്ങിയത്. ഒന്നരക്കോടി രൂപ ചെലവില്‍ പണിത മൂന്നു നില കെട്ടിടത്തില്‍ 16 മുറികളും രണ്ടു ഹാളും അടുക്കള ഉള്‍പ്പെടെ അനുബന്ധ സൗകര്യങ്ങളുമുണ്ട്. സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടെ 60 പേര്‍ക്ക് ഇവിടെ താമസിക്കാം. 2020 ലാണ് ഷെല്‍ട്ടര്‍ ഹോം നിര്‍മ്മാണം തുടങ്ങിയത്. നഗരസഭ ഏപ്രില്‍ മൂന്നാം വാരം നടത്തിയ സര്‍വേയില്‍ കണ്ടെത്തിയ ആറു കുടുംബങ്ങളിലെ അംഗങ്ങളടക്കം 27 പേരെ തുടക്കത്തില്‍ ഇവിടെ താമസിപ്പിക്കും. ഉപജീവനത്തിനു നഗരത്തില്‍ ചെയ്യുന്ന തൊഴില്‍ തുടരാന്‍ ഇവരെ അനുവദിക്കും. വൈകുന്നേരം ആറിനു മുമ്പ് തിരിച്ചെത്തണമെന്ന വ്യവസ്ഥയിലാണ് അന്തേവാസികളെ ദിവസവും രാവിലെ പുറത്തുവിടുക. മാനേജരടക്കം മൂന്നു കെയര്‍ ടേക്കര്‍മാരും ഷെല്‍ട്ടര്‍ ഹോമില്‍ ഉണ്ടാകും. തണലോരത്തിലെ അന്തേവാസികള്‍ അധികവും അന്തര്‍ സംസ്ഥാനക്കാരണ്. അന്തേവാസികള്‍ക്ക് വായനക്കും വിനോദത്തിനും പിന്നീട് സംവിധാനം ഒരുക്കും. 60 ലക്ഷം രൂപ ചെലവിലാണ് മുണ്ടേരിയില്‍ പാര്‍ക്ക് നവീകരിച്ചത്.

കല്‍പ്പറ്റ മുണ്ടേരി പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ കെ. അജിത, സെക്രട്ടറി അലി അസ്‌കര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഡ്വ. ടി.ജെ ഐസക്ക്, ജൈന ജോയ്, ഒ. സരോജിനി, സി.കെ ശിവരാമന്‍, അഡ്വ. എ.പി മുസ്തഫ, കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുങ്ങിയവര്‍ പങ്കെടുത്തു.