അമ്പലവയൽ ഗ്രാമപഞ്ചായത്ത് സന്തോഷ ഗ്രാമം പദ്ധതി വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ഓരോ പഞ്ചായത്ത് ഓഫീസുകളും ജനങ്ങളുടെ ഓഫീസാണ്. പൊതുജനങ്ങൾക്ക് സേവനങ്ങൾ അതിവേഗത്തിൽ ഉറപ്പാക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യം. സന്തോഷ ഗ്രാമം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിൽ നിർമ്മിച്ച ടേക്ക് എ ബ്രേക്ക്, ഹെല്‍പ്പ് ഡെസ്ക്ക്, ഹോസ്റ്റസ് എന്നിവയെല്ലാം അഭിനന്ദനാർഹമാണെന്നും മന്ത്രി പറഞ്ഞു.
വിനോദ സഞ്ചാരികള്‍ ഉള്‍പ്പടെയുള്ളവര്‍ക്കായി സജ്ജീകരിച്ചിട്ടുള്ള വിശ്രമ മുറി, ശുചിമുറികള്‍, ക്ലോക്ക് റൂം, ടീ കോര്‍ണര്‍ എന്നിവയാണ് അമ്പലവയല്‍ ഗ്രാമപഞ്ചായത്തിന്റെ ടേക്ക് എ ബ്രേക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പഞ്ചായത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവരെ സഹായിക്കുന്നതിനായി ഒരുക്കിയ സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്ററാണ് ഹെല്‍പ്പ് ഡസ്ക്കായി പ്രവര്‍ത്തിക്കുക. പഞ്ചായത്തില്‍ എത്തുന്ന പൊതുജനങ്ങളെ സ്വീകരിക്കുന്നതിനും സേവനങ്ങളില്‍ അസിസ്റ്റ് ചെയ്യുന്നതിനുമുള്ള പരിശീലനം ലഭിച്ച വനിതകളുടെ കൂട്ടായ്മയാണ് സന്തോഷ ഗ്രാമം ഹോസ്റ്റസ്.
ചടങ്ങിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ എ അദ്ധ്യക്ഷനായി. അമ്പലവയൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഷമീർ റിപ്പോർട്ട് അവതരിപ്പിച്ചു. അമ്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ ഹഫ്സത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി സുധി, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.