ആരോഗ്യമേഖലയിൽ വിവരസങ്കേതിക രംഗത്തെ പുരോഗതിക്ക് അനുസൃതമായി പൊതുജനാരോഗ്യരംഗം രോഗികൾക്കും സമൂഹത്തിനും ഗുണകരമായി മാറും എന്നതാണ് ഇ – ഹെൽത്ത് കേരള പദ്ധതിയുടെ സവിശേഷത. ഇ – ഹെൽത്ത് സേവനങ്ങൾ സൗകര്യപ്രദമായി ലഭിക്കുന്നതിന് ആധാർ കാർഡ് ഇ – ഹെൽത്ത് സംവിധാനത്തിൽ രജിസ്റ്റർ ചെയ്യണം.
ഓരോ പൗരന്റെയും ചികിത്സാ രേഖകൾ ഒരു കേന്ദ്രീകൃത ഡേറ്റാബേസിൽ ലഭ്യമാക്കുക വഴി എല്ലാ സർക്കാർ അലോപ്പതി ആരോഗ്യ ചികിത്സാ സ്ഥാപനങ്ങളിലും തടസ്സമില്ലാതെ തുടർചികിത്സ ഉറപ്പാക്കാൻ സാധിക്കും. കേന്ദ്ര സർക്കാരിന്റെ ആരോഗ്യ കുടംബക്ഷേമ മന്ത്രാലയം അനുശാസിക്കുന്ന ഇലക്ട്രോണിക് മെഡിക്കൽ റെക്കോർഡ്സ് സ്റ്റാൻഡേർഡുകൾ പൂർണ്ണമായും ഉൾപ്പെടുത്തിയാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ആയിരക്കണക്കിന് മരുന്നുകളെയും ആരോഗ്യരംഗത്തെ പ്രവർത്തനത്തിന് ആവശ്യമായ ചെറുതും വലുതുമായ ഉപകരണങ്ങളെയും അന്താരാഷ്ട്ര കോഡിംഗ് സിസ്റ്റത്തിലേക്ക് മാറ്റി സോഫ്റ്റ്വെയറിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
വൈദ്യ ശാസ്ത്ര ഗവേഷണം, ആശുപത്രികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തൽ, ആരോഗ സംരക്ഷണ നയപരിപാടികളുടെ രൂപവത്കരണം, പകർച്ചവ്യാധി നിയന്ത്രണം തുടങ്ങിയ മേഖലകളിൽ സമഗ്രമായ പുരോഗതിക്ക് സഹായകമാകുന്നതാണ് ഈ പദ്ധതി.
കാഴ്ചയ്ക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന തരത്തിൽ റെറ്റിന തകരാറിലാകുന്ന ഡയബറ്റിക് റെറ്റിനോപ്പതി എന്ന പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി ഡയബറ്റിക് റെറ്റിനോപ്പതി ക്ലിനിക് ജില്ലയിലെ ആരോഗ്യ ചികിത്സാ രംഗത്ത് വിപ്ലവമാകും. ആരോഗ്യ മേഖലയിൽ വിവര സാങ്കേതിക വിദ്യയുടെ സാധ്യത പരിചയപ്പെടുത്തികൊണ്ട് സാധാരണക്കാരും തോട്ടം തൊഴിലാളികളും ഏറെ ആശ്രയിക്കുന്ന ജനറൽ ആശുപത്രിയിൽ ഇ – ഹെൽത്ത്, ഡയബറ്റിക് റെറ്റിനോപ്പതി എന്നീ പദ്ധതികൾ ഏറെ പ്രയോജനകരമാകും.
ചടങ്ങിൽ കൽപ്പറ്റ നഗരസഭ ചെയർമാൻ കേയംതൊടി മുജീബ് അധ്യക്ഷത വഹിച്ചു. കൽപ്പറ്റ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീകുമാർ മുകുന്ദൻ പദ്ധതി വിശദീകരണം നടത്തി. കൽപ്പറ്റ നഗരസഭ വൈസ് ചെയർപേഴ്സൺ കെ. അജിത, സ്ഥിരം സമിതി അധ്യക്ഷൻമാരായ അഡ്വ. ടി.ജെ ഐസക്, സി.കെ ശിവരാമൻ, എ.പി മുസ്തഫ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി. ദിനീഷ്, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സമീഹ സൈതലവി, ഇ – ഹെൽത്ത് നോഡൽ ഓഫീസർ ഡോ. പ്രിയാ സേനൻ, കൽപ്പറ്റ ജനറൽ ആശുപത്രി ആർ.എം.ഒ ഡോ. പ്രസന്നകുമാർ തുടങ്ങിയവർ സംസാരിച്ചു. ആശുപത്രി ജീവനക്കാർ, രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.