ആരോഗ്യ മേഖലയിൽ വയനാടിനെ സ്വയം പര്യാപ്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ഇ – ഹെല്‍ത്ത് സംവിധാനം, ഡയബറ്റിക് റെറ്റിനോപ്പതി ക്ലിനിക് സേവനം, മുണ്ടേരി അര്‍ബന്‍ പോളി ക്ലിനിക് എന്നിവ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
രാജ്യത്ത് ഇ – ഹെൽത്ത് സംവിധാനം വന്ന സംസ്ഥാനങ്ങളിൽ ഒന്നാമതാണ് കേരളം. ആശുപത്രികളിൽ പേപ്പർ ലെസ് സംവിധാനത്തിലൂടെ ഒ.പി ടിക്കറ്റ് ഓൺലൈനിലൂടെയും ലാബ് റിസൾട്ട് ഫോണിലൂടെയും ലഭിക്കും. ജീവിത ശൈലീ രോഗങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ അവയ്ക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ഒരുക്കുന്നതിനുമായി വന്ന ഡയബറ്റിക് റെറ്റിനോപ്പതി ക്ലിനിക് സേവനം പ്രധാന പദ്ധതിയാണ്. മുണ്ടേരി അര്‍ബന്‍ പോളി ക്ലിനിക്കിൽ നിലവിലുള്ള സൗകര്യങ്ങൾ പരിഗണിച്ച് ഘട്ടംഘട്ടമായി 10 ആരോഗ്യ വിദഗ്ധരുടെ സേവനം ലഭ്യമാക്കും. കൽപ്പറ്റ ജനറൽ ആശുപത്രിയിൽ സീവേജ് പ്ലാന്റ് നിർമ്മാണം, ഓക്സിജൻ ജനറേറ്റ് സംവിധാനം, ബ്ലഡ് ബാങ്ക്, അത്യാഹിത വിഭാഗം, അനുബന്ധ വികസനത്തിനും പദ്ധതികൾ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
ജനറല്‍ ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക് പദ്ധതിയുടെ പ്രഖ്യാപനവും മന്ത്രി വീണാ ജോര്‍ജ്ജ് നടത്തി. പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ മിഷന്റെ ഭാഗമായാണ് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക് നിര്‍മ്മിക്കുന്നത്. 50 കിടക്കകള്‍ ഉള്‍ക്കൊള്ളുന്ന ബ്ലോക്കിന് 23.75 കോടി രൂപയുടെ അനുമതിയാണ് ലഭ്യമായിട്ടുള്ളത്.