സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ചു നടപ്പാക്കുന്ന നൈപുണ്യ വികസന പദ്ധതികൾ യുവാക്കൾ പരമാവധി ഉപയോഗപ്പെടുത്തണമെന്നു തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ. തൊഴിൽ നൈപുണ്യ പരിശീലനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വ്യവസായ സ്ഥാപനങ്ങളും ഐ.ടി.ഐകളുമായുള്ള സഹകരണം ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐയുടെ അഡീഷണൽ ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
വിദേശരാജ്യങ്ങളിലെ തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനായി തൊഴിൽ വകുപ്പിനു കീഴിൽ റിക്രൂട്ട്‌മെന്റ് സാധ്യതകൾ വർധിപ്പിക്കാൻ നടപടിയെടുത്തെന്നു മന്ത്രി പറഞ്ഞു. ഒഡെപെകിന്റെ വെബ്‌സൈറ്റിൽ ഇക്കാര്യങ്ങളെക്കുറിച്ചുള്ള വിശദമായ വിവരം നൽകിയിട്ടുണ്ട്. തൊഴിൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച പുതിയ വെബ് പോർട്ടൽവഴി അടിസ്ഥാനതലം മുതൽ മാനേജ്‌മെന്റ് തലം വരെയുള്ള തൊഴിലവസരങ്ങൾ കണ്ടെത്താൻ യുവാക്കൾക്ക് നിഷ്പ്രയാസം കഴിയും. ഇക്കാര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ യുവാക്കൾ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.
പ്രളയക്കെടുതിയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ നൈപുണ്യ കർമസേന കേരളത്തിന്റെ സാമൂഹ്യ പ്രതിബദ്ധതയുടെ അടയാളമാണെന്നു മന്ത്രി പറഞ്ഞു. പ്രളയ ബാധിത പ്രദേശങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആറ്റിങ്ങൽ ഐ.ടി.ഐയിലെ നൈപുണ്യ കർമസേനാംഗങ്ങളെ ചടങ്ങിൽ ആദരിച്ചു.
ബി. സത്യൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. വ്യാവസായിക പരിശീലന വകുപ്പ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന കെ.എസ്. ധർമരാജൻ, പൊതുമരാമത്ത് വകുപ്പ് അസി. എക്‌സിക്യൂട്ടിവ് എൻജിനീയർ ദീപ റാണി, പി.ടി.എ. പ്രസിഡന്റ് സരസ്വതിയമ്മ, ഐ.ടി.ഐ. പ്രിൻസിപ്പാൾ കെ. സുജാത, ടി.പി. അംബിരാജ എന്നിവരും പങ്കെടുത്തു.