പുല്‍പ്പള്ളി പെരിക്കല്ലൂര്‍ സ്വദേശി തങ്കച്ചന്‍ ബത്തേരിയില്‍ നടന്ന കരുതലും കൈത്താങ്ങും അദാലത്തിലെത്തിയത് കാലങ്ങളായി ബാങ്കിലുള്ള സ്വന്തം ആധാരം വീണ്ടെടുക്കാനുള്ള അപേക്ഷയുമായാണ്. 2000 ത്തില്‍ പനമരം കാര്‍ഷിക വികസന ബാങ്കില്‍ നിന്നും കാര്‍ഷികാവശ്യങ്ങള്‍ക്കായി തങ്കച്ചന്‍ 50,000 രൂപ വായ്പയെടുത്തിരുന്നു.

കൃഷിയില്‍ തുടര്‍ച്ചയായി നാശനഷ്ടം വന്നതോടെ തുക തിരിച്ചടക്കാന്‍ കഴിഞ്ഞില്ല. 2007 ല്‍ കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ ജില്ലയില്‍ നടത്തിയ സിറ്റിംഗില്‍ ആധാരം ലഭിക്കുന്നതിനായി തങ്കച്ചന്‍ അപേക്ഷ നല്‍കി. തിരിച്ചടക്കേണ്ട തുകയുടെ ഒരു ഭാഗം തങ്കച്ചനോടും ബാക്കിയുള്ള തുക ബാങ്കും സര്‍ക്കാരും വഹിക്കാനും ആധാരം തിരിച്ചുനല്‍കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. നിര്‍ദ്ദേശ പ്രകാരം തങ്കച്ചന്‍ 16,000 രൂപ അടക്കുകയും ചെയ്തു. തുടര്‍ന്നും ആധാരം തിരിച്ച് നല്‍കാന്‍ സാങ്കേതിക കാരണങ്ങള്‍ നിരത്തി ബാങ്ക് അധികൃതര്‍ തയ്യാറായില്ല. 16 വര്‍ഷമായി തന്റെ ആധാരം ലഭിക്കാത്തതിന്റെ പരാതിയുമായി പലയിടങ്ങളിലും കയറിയിറങ്ങി. മന്ത്രി എം.ബി രാജേഷിനോട് തങ്കച്ചന്‍ ഇതുവരെയുള്ള കാര്യങ്ങള്‍പറഞ്ഞു. പരാതി ശ്രദ്ധയോടെ കേട്ട മന്ത്രി അദാലത്ത് വേദിയില്‍ നിന്നുതന്നെ ജോയിന്റ് രജിസ്ട്രാറുമായി സംസാരിക്കുകയും 48 മണിക്കൂറിനുള്ളില്‍ ആധാരം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. സ്വന്തം ഭൂമിയുടെ ആധാരത്തിന് വേണ്ടിയുള്ള തങ്കച്ചന്റെ 16 വര്‍ഷത്തെ കാത്തിരിപ്പിനാണ് ഇതോടെ വിരമാമമായത്. കരുതലും കൈത്താങ്ങും ഇതോടെ ആധാരം തേടിയുള്ള ദീര്‍ഘകാലമായുള്ള തങ്കച്ചന്റെ അലച്ചിലിന് അനുഗ്രഹമായി മാറി.