ആലപ്പുഴ:പ്രളയാനന്തര നവകേരള സൃഷ്ടിക്കായുള്ള ധനസമാഹരണയജ്ഞം ചെങ്ങന്നൂരിൽ സമാപിച്ചു. ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി കോളജിലും മാന്നാർ പഞ്ചായത്ത് ഹാളിലുമായി നടന്ന ചടങ്ങുകളിൽ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ, ഭക്ഷ്യമന്ത്രി പി. തിലോത്തമൻ എന്നിവർ തുക ഏറ്റുവാങ്ങി. യോഗത്തിൽ സജി ചെറിയാൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലയിലെ ഒമ്പതു നിയോജകമണ്ഡലങ്ങളിലെയും നിധിസമാഹരണം പൂർത്തിയായപ്പോൾ ഇതിനകം 282,813,607 രൂപയാണ് ദുരിതാശ്വാസ നിധിയിലേക്കു കിട്ടിയത്. ഇന്നലെ ചെങ്ങന്നൂർ മണ്ഡലത്തിൽ നിന്ന് 275,39,202 രൂപയാണ് ധനസമാഹരണത്തിലൂടെ ലഭിച്ചത്.
ചെങ്ങന്നൂർ നഗരസഭയിൽ നിന്ന് 18.39 ലക്ഷം രൂപയും ഗ്രാമപഞ്ചായത്തുകളായ ആല 99500 രൂപയും തിരുവൻവണ്ടൂർ 15 ലക്ഷവും പാണ്ടനാട് 2.2 ലക്ഷവും ചെറിയനാട് 32.1 ലക്ഷവും പുലിയൂർ 13.6 ലക്ഷവും വെൺമണി 7.8 ലക്ഷവും മുളക്കുഴ 60.2 ലക്ഷവും മാന്നാർ 27.1 ലക്ഷവും ബുധനൂർ 7.3 ലക്ഷവും ചെന്നിത്തല 33 ലക്ഷം രൂപയുമാണ് നിധിയിലേക്കു നൽകിയത്. ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ തുക ദുരിതാശ്വാസ നിധിയിലേക്കു നൽകിയ പഞ്ചായത്താണ് മുളക്കുഴ. മറ്റു വിവിധ കൗണ്ടറുകളിലായി പണവും സ്ഥലവും ഉൾപ്പടെ 53.3 ലക്ഷവും ലഭിച്ചിട്ടുണ്ട്. അന്തിമ കണക്ക് ശേഖരിച്ചുവരുന്നതിനാൽ ഈ കണക്കിൽ ഇനിയും മാറ്റമുണ്ടാകാം.
കഴിഞ്ഞ 14ന് മാവേലിക്കര നിയമസഭ മണ്ഡലത്തിൽ നിന്നാണ് ധനസമാഹരണയജ്ഞത്തിന് തുടക്കം കുറിച്ചത്. അന്നു തന്നെ കായംകുളത്തും ധനസമാഹരണം നടന്നു. മാവേലിക്കരയിൽ 2.11 കോടിരൂപയും കായംകുളത്ത് 1.85 കോടി രൂപയുമുൾപ്പടെ ആദ്യദിനം തന്നെ 3.71 കോടി രൂപയാണ് നവകേരളത്തിനായി ജനങ്ങൾ നൽകിയത്. കുട്ടനാട്ടിൽ 15ന് നടന്ന ധനസമാഹരണത്തിൽ 1.29 കോടി രൂപ ലഭിച്ചു.
അമ്പലപ്പുഴയിൽ നിന്നാണ് ജില്ലയിൽ റെക്കോർഡ് കളക്ഷൻ നേടിയത്. കെ.കെ.കുഞ്ചുപിള്ള സ്മാരക സ്‌കൂളിലും ആലപ്പുഴ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലുമായി നടത്തിയ ധനസമാഹരണയജ്ഞത്തിൽ 7.67 കോടി രൂപയാണ് ലഭിച്ചത്. ഹരിപ്പാട് നിയമസഭ മണ്ഡലത്തിൽ നിന്ന് 1.80 കോടി രൂപയാണ് ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ചത്.
ആലപ്പുഴ മണ്ഡലത്തിൽ നടന്ന നിധിസമാഹരണത്തിൽ 2.34 കോടി രൂപ സംഭാവനയായി കിട്ടി. അരൂർ മണ്ഡലത്തിൽ നിന്ന് 2.44 കോടി രൂപയാണ് ലഭിച്ചത്. ചേർത്തല മണ്ഡലത്തിൽ 4.75 കോടിരൂപയുടെ ധനസമാഹരണം ഉണ്ടായി. ഇത് കൂടാതെ മറ്റ് കറൻസിയായും സ്ഥലമായും ആഭരണങ്ങളായും മറ്റും ധാരാളം സംഭാവനയെത്തി. രജിസ്റ്റർ പ്രകാരം നേരത്തെ ലഭിച്ച 76,68,274 രൂപയും ഡോളർ മൂല്യനിർണയത്തിൽ ലഭിച്ച 48,00000 രൂപയും ഇതിന് പുറമേ വരും. ജില്ലയിൽ നിന്ന് ശരാശരി 20 കോടി രൂപ പ്രതീക്ഷിച്ച സ്ഥാനത്താണ് ഈ നേട്ടം.