ആലപ്പുഴ: നൂറനാടന്മാർ എന്ന സൗഹൃദ വാട്‌സപ്പ് കൂട്ടായ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് ഒരു ലക്ഷം രൂപ. വാട്‌സാപ്പ് കൂട്ടായ്മ സ്‌നേഹ നിലാവ് എന്ന പരിപാടിയിലൂടെ സമാഹരിച്ചതും അംഗങ്ങളിൽനിന്ന് സമാഹരിച്ചതും ആയ തുകയാണിത്. 71 അംഗങ്ങളുള്ള വാട്ട്‌സ് ആപ്പ് കൂട്ടായ്മയാണിത്.ബിനു, സതീശ്, സനൽ, അനുഗഗൻ, സുനിൽ, സിജോ വർഗീസ്, മനോജ്, ബൈജു എന്നിവരാണ് ഗ്രൂപ്പിന്റെ അഡ്മിൻമാർ. ഗ്രൂപ്പ് അഡ്മിൻമാർ ചേർന്നാണ് പൊതുമരാമത്ത് വകുപ്പുമന്ത്രി ജി.സുധാകരനും മന്ത്രി പി.തിലോത്തമനും പണം കൈമാറിയത്.
മുളക്കുഴ ഗ്രാമപഞ്ചായത്ത് തനത് ഫണ്ടിൽ നിന്നുള്ള ചെക്ക് വഴി 50 ലക്ഷം രൂപയും മറ്റ് തരത്തിൽ ശേഖരിച്ച തുകയും ഉൾപ്പടെ 71,32,830 രൂപ മുഖ്യമന്ത്രിയുടെ ധനസമാഹരണ യജ്ഞത്തിലേക്ക് നൽകി. സജി ചെറിയാൻ എം.എൽ.എ തന്റെ കൈവശം ഉണ്ടായിരുന്ന 10,64,791 രൂപ വേദിയിൽ വച്ച് മന്ത്രിക്ക് കൈമാറി. നേരത്തെ അദ്ദേഹം അഞ്ചര ലക്ഷം രൂപ മന്ത്രിക്ക് കൈമാറിയിരുന്നു.