ചാലിയാർ പുഴക്ക് കുറുകെ കോഴിക്കോട് -മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ചു കൊണ്ട് നിർമ്മിച്ച കൂളിമാട് പാലം  മെയ് 31 ന് നാടിന് സമർപ്പിക്കും. പാലം തുറക്കുന്നതോടെ അഞ്ച് റോഡുകളുടെ സംഗമകേന്ദ്രമായി കൂളിമാട് മാറും. കൂടാതെ ഇരുവഴിഞ്ഞി, ചാലിയാർ പുഴകൾക്ക് കുറുകെ സ്ഥാപിച്ച രണ്ടു പാലങ്ങളുടെ അപ്രോച് റോഡ് സംഗമിക്കുന്ന സ്ഥലമായും കൂളിമാട് ശ്രദ്ധനേടും.

പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാളെ വൈകുന്നേരം 4 മണിക്ക് പാലത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. പി.ടി.എ റഹീം എം.എൽ.എ അധ്യക്ഷത വഹിക്കും. എം. പി മാരായ എം.കെ രാഘവൻ, ഡോ. എം.പി അബ്ദുസമദ് സമദാനി, എളമരം കരീം, ടി.വി ഇബ്രാഹീം എം.എൽ.എ എന്നിവർ വിശിഷ്ടാതിഥികളാകും. പരിപാടിയിൽ ഉദ്യോഗസ്ഥരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുക്കും.

കിഫ്ബി പദ്ധതികളിൽ ഉൾപ്പെടുത്തി 21.5 കോടി രൂപ ചെലവിൽ നിർമ്മാണം പൂർത്തിയാക്കിയ കൂളിമാട് പാലത്തിന് 35 മീറ്റർ നീളത്തിലുള്ള ഏഴ് സ്പാനുകളും 12 മീറ്റർ നീളത്തിലുള്ള അഞ്ച് സ്പാനുകളുമാണുള്ളത്. 309 മീറ്റർ നീളമുള്ള പാലത്തിന് ഇരുവശങ്ങളിലും 1.50 മീറ്റർ വീതിയിൽ നടപ്പാത ഉൾപ്പടെ 11 മീറ്റർ വീതിയുമാണുള്ളത്. കോഴിക്കോട് ജില്ലയിലെ കൂളിമാട് ഭാഗത്ത് 135 മീറ്റർ നീളത്തിലും മലപ്പുറം ജില്ലയിലെ മപ്രം ഭാഗത്ത് 30 മീറ്റർ നീളത്തിലും സമീപ റോഡുകളുടെയും സർവീസ് റോഡുകളുടെയും നിർമ്മാണവും പ്രവൃത്തിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ചിട്ടുണ്ട്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപറേറ്റിവ് സൊസൈറ്റിയാണ് കരാർ ഏറ്റെടുത്തത്.

2019 ലെ പ്രളയത്തിൽ ചാലിയാറിൽ ക്രമാതീതമായി ജലനിരപ്പ് ഉയരുകയും പ്രവൃത്തി സ്ഥലം മുങ്ങിപ്പോകുകയും ചെയ്തിരുന്നു. തുടർന്ന് രൂപകൽപനയിൽ മാറ്റം വരുത്തി പുതുക്കിയ എസ്റ്റിമേറ്റ് സമർപ്പിച്ച് അംഗീകാരം ലഭിച്ചതിന് ശേഷമാണ് പണി പൂർത്തിയാക്കിയിട്ടുള്ളത്. പാലം യാഥാർഥ്യമാകുന്നത്തോടെ കുന്ദമംഗലം, കൊണ്ടോട്ടി നിയോജക മണ്ഡലങ്ങളുടെ ഗതാഗത സൗകര്യങ്ങൾക്ക് പുത്തൻ ഉണർവേകും.