പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് കെഎസ്ഇബിയിലെ ജീവനക്കാര്‍ നടത്തിയ മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നതായി വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി ഫേയ്‌സ്ബുക് പോസ്റ്റിലൂടെ അറിയിച്ചു. ഫേയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം: 1924 -ലാണ് ഏററവും വലിയ വെള്ളപ്പൊക്കക്കെടുതി കേരളത്തിലുണ്ടായതെന്നാണ് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, അതിലും പലമടങ്ങ് ശക്തമായ പ്രകൃതിക്ഷോഭമാണ് ഇപ്പോഴുണ്ടായത്. ഈ പ്രതിസന്ധിയുടെ ഭാഗമായി വൈദ്യുതി മേഖലയില്‍ ഏതാണ്ട് 25 ലക്ഷത്തിലധികം വൈദ്യുതി കണക്ഷനുകള്‍ നഷ്ടപ്പെടുകയും, പതിനായിരക്കണക്കിന് വൈദ്യുതി പോസ്റ്റുകള്‍ തകരുകയും, ആയിരക്കണക്കിന് ട്രാന്‍സ്‌ഫോര്‍മറുകള്‍ നശിക്കുകയും, ഒമ്പത് പവര്‍ സ്റ്റേഷനുകള്‍ വെള്ളവും മണ്ണും കല്ലും കയറി പ്രവര്‍ത്തനരഹിതമാവുകയും ചെയ്തു. ഇതുമൂലം 850 കോടിയിലധികം രൂപയുടെ നാശനഷ്ടം വൈദ്യുതി ബോര്‍ഡിനുണ്ടാകുകയും ചെയ്തിരിക്കുകയാണ്. വൈദ്യുതി ബോര്‍ഡിലെ എല്ലാ തലങ്ങളിലുമുള്ള ജീവനക്കാരും ഈ കൊടുംപ്രളയത്തെ വകവയ്ക്കാതെ മാതൃകാപരമായ പ്രവര്‍ത്തനം നടത്തി യുദ്ധകാലാടിസ്ഥാനത്തില്‍ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു. തുടര്‍ന്നുള്ള എല്ലാ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളിലും ഏവരും സഹകരിക്കുകയും സഹായിക്കുകയും ചെയ്യണമെന്നും ഫേയ്‌സ്ബുക് പോസ്്റ്റിലൂടെ മന്ത്രി അഭ്യര്‍ഥിച്ചു.