മഴക്കാല മുന്നൊരുക്കങ്ങള് വിലയിരുത്താന് കോളനികളിലെത്തി എംഎല്എയും കലക്ടറും
മഴക്കാല മുന്നൊരുക്ക പ്രവര്ത്തനങ്ങള് വിലയിരുത്തുന്നതിന്റെ ഭാഗമായി ചാലക്കുടിയിലെ വിവിധ കോളനികള് ഉള്പ്പെടെയുള്ള പ്രദേശങ്ങളില് സനീഷ് കുമാര് ജോസഫ് എംഎല്എയുടെയും ജില്ലാ കലക്ടര് വി ആര് കൃഷ്ണതേജയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്ശനം നടത്തി.
കഴിഞ്ഞ വര്ഷക്കാലത്ത് പ്രളയം, മണ്ണിടിച്ചില് ഉള്പ്പെടെയുള്ള പ്രശ്‌നങ്ങള് ബാധിച്ച മേലൂര് പഞ്ചായത്തിലെ വെട്ടുകടവ്, എരുമപ്പാറ എന്നിവിടങ്ങളിലെ ഡിവൈന് കോളനി പ്രദേശങ്ങള്, പരിയാരം പഞ്ചായത്തിലെ മംഗലന് കോളനി, പ്രളയകാലത്ത് മണ്ണിടിച്ചല് ബാധിച്ച കാഞ്ഞിരപ്പിള്ളി ഐഎച്ച്ഡിപി കോളനി, കാടുകുറ്റി പഞ്ചായത്തിലെ ചെറുവാലൂര്, വെണ്ണൂര് കോളനി പ്രദേശങ്ങളാണ് സംഘം സന്ദര്ശിച്ചത്. കോളനി നിവാസികള് ഉന്നയിച്ച വിവിധ പ്രശ്‌നങ്ങള്ക്ക് സത്വര പരിഹാരം നിര്ദ്ദേശിച്ചാണ് സംഘം മടങ്ങിയത്.

മണ്ണിടിച്ചില് ഭീഷണി നേരിടുന്ന പരിയാരം കാഞ്ഞിരപ്പിള്ളി ഐഎച്ച്ഡിപി കോളനി നിവാസികള്ക്ക് പുനരധിവാസ ക്യാമ്പായി ഉപയോഗിക്കുന്നതിന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന്റെ പണി പത്തു ദിവസത്തിനകം പൂര്ത്തിയാക്കാന് ജില്ലാ കലക്ടര് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്ക്ക് നല്കി.
കഴിഞ്ഞ വര്ഷം രണ്ടര കിലോമീറ്ററിലേറെ ദൂരെയുള്ള ചക്രപാണി വളവിലെ കൊന്നക്കുഴി ഗവ സ്‌കൂളിലാണ് കോളനിയിലെ ഇരുപതോളം കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചിരുന്നത്. കമ്മ്യൂണിറ്റി ഹാള് നിര്മാണം പൂര്ത്തിയാവുന്നതോടെ ഇത്തവണ ആവശ്യം വരുന്ന പക്ഷം കോളനി നിവാസികള്ക്ക് നടന്നെത്താവുന്ന ദൂരത്തിലുള്ള കേന്ദ്രത്തിലേക്ക് മാറിത്താമസിക്കാനാവും. കോളനി നിവാസികളെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസം നല്കുന്ന കാര്യമാണിത്.

താമസിക്കുന്ന ഭൂമിക്ക് രേഖകളില്ലാത്തതിനാല് ക്ഷേമ പെന്ഷന് ഉള്പ്പെടെയുള്ള സര്ക്കാര് ആനുകൂല്യങ്ങള് ലഭിക്കാത്ത എരുമപ്പാടം, എളമ്പ്ര ഡിവൈന് കോളനികളിലെ കുടുംബങ്ങളുടെ പ്രശ്‌നപരിഹാരത്തിനും ജില്ലാ കലക്ടര് ഇടപെട്ടു.
പഞ്ചായത്ത് തലത്തില് അടിയന്തരമായി ക്യാംപ് സംഘടിപ്പിച്ച് അവരില് നിന്ന് അപേക്ഷകള് സ്വീകരിച്ച് ജില്ലാ കലക്ടര്ക്ക് സമര്പ്പിക്കാനാണ് നിര്ദ്ദേശം നല്കിയിരിക്കുന്നത്. എരുമപ്പാടം ഡിവൈന് കോളനിയില് 51 കുടുംബങ്ങളും എളമ്പ്ര കോളനിയില് 42 കുടുംബങ്ങളും താമസിക്കുന്നുണ്ട്. കുടിവെള്ളക്ഷാമം നേരിടുന്ന തൂമ്പാക്കോട് പ്രദേശത്ത്് കുടിവെള്ളം എത്തിച്ചുനല്കുന്നതിന് പഞ്ചായത്ത് അധികൃതര്ക്ക് ജില്ലാ കലക്ടര് അടിയന്തര നിര്ദ്ദേശവും നല്കി.

പഞ്ചായത്ത് പ്രസിഡന്റുമാരായ എം എസ് സുനിത (മേലൂര്), മായ ശിവദാസന് (പരിയാരം), പ്രിന്സി ഫ്രാന്സിസ് (കാടുകുറ്റി), ചാലക്കുടി തഹ്‌സിദാര് ഇ എന് രാജു, ദുരന്തനിവാരണം ഡെപ്യൂട്ടി കലക്ടറുടെ ചുമതലയുള്ള ഇലക്ഷന് ഡെപ്യൂട്ടി കലക്ടര് എം സി ജ്യോതി, എടമലയാര് ഇറിഗേഷന് പ്രൊജക്ട് ഡിവിഷന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര് പി എം വില്സണ്, ഇറിഗേഷന് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര് സി വി സിനി, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്മാരായ സിസു ഉണ്ണി, ലാലി ജോര്ജ്, ഷിജു ആര് ശേഖര്, വില്ലേജ് ഓഫീസര്മാര് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.