സംസ്ഥാന ഭൂജല വകുപ്പ് ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ അനുവദിച്ച ജല പരിശോധന ലാബ് പ്രദേശത്തെ ജല ഗുണനിലവാര പരിശോധനക്ക് ഏറെ പ്രയോജനപ്പെടും എന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു. ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ സജ്ജീകരിച്ച ജല പരിശോധന ലാബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കുറഞ്ഞ ചെലവിൽ പ്രദേശവാസികൾക്ക് അവരുടെ വീട്ടിലെ ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ ഇതിലൂടെ സാധിക്കും. സ്കൂളിൽ നിലവിലുള്ള കെമിസ്ട്രി ലാബിനോട് ചേർന്ന് ഭൂജലവകുപ്പ് ഏകദേശം ഒരു ലക്ഷം രൂപ ചെലവഴിച്ച് ജല പരിശോധനയ്ക്കാവശ്യമായ ഉപകരണങ്ങളും കെമിക്കലുകളും ഉൾപ്പെടുത്തിയാണ് ജല പരിശോധന ലാബ് സജ്ജമാക്കിയിട്ടുള്ളത്. സ്കൂളിലെ കെമിസ്ട്രി അധ്യാപകർക്കും തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കും പരിശീലനം നൽകിയിട്ടുണ്ട്.

ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ ടിവി ചാർളി അധ്യക്ഷത വഹിച്ചു. ഭൂജല വകുപ്പ് ഹൈഡ്രോജിയോളജിസ്റ്റ് കെ ലീന റിപ്പോർട്ട് അവതരിപ്പിച്ചു. എച്ച് എസ് എസ് പ്രിൻസിപ്പാൾ എം കെ മുരളി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജിഷ ജോബി, സി സി ഷിബിൻ, ജയ്സൺ പാറേക്കാടൻ, അംബിക പള്ളിപ്പുറത്ത്, വിഎച്ച്എസ്ഇ വിഭാഗം പ്രിൻസിപ്പാൾ ആർ രാജലക്ഷ്മി, പിടിഎ പ്രസിഡന്റ് റെജി സെബാസ്റ്റ്യൻ, ഹൈസ്കൂൾ വിഭാഗം പ്രധാന അധ്യാപിക ടി കെ ലത തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.