മട്ടന്നൂര്‍: ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുന്നതിനായി ഇതുവരെ ആരും സ്വീകരിച്ചിട്ടാത്ത മാതൃകയുമായാണ് മട്ടന്നൂര്‍ നഗരസഭയ്ക്ക് കീഴിലുള്ള കുടുംബശ്രീ കൂട്ടായ്മകളിലെ അംഗങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത്. വീടുകളിലും സ്ഥാപനങ്ങളിലും കയറിയിറങ്ങി പഴയ പത്രങ്ങളും പുസ്തകങ്ങളും ശേഖരിച്ച് ഇവ വിറ്റു കിട്ടുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാനാണ് ഇവരുടെ തീരുമാനം. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം മട്ടന്നൂര്‍ കനറാ ബാങ്ക് സീനിയര്‍ മാനേജര്‍ എന്‍ കെ മനോജില്‍ നിന്നും പഴയ പത്രങ്ങള്‍ സ്വീകരിച്ചുകൊണ്ട് നഗരസഭ ചെയര്‍പേഴ്‌സണ്‍ അനിത വേണു നിര്‍വഹിച്ചു.
നഗരസഭ വൈസ് ചെയര്‍മാന്‍ പി പുരുഷോത്തമന്‍, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാര്‍, സി ഡി എസ് ചെയര്‍പേഴ്‌സണ്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ബാങ്ക് ജീവനക്കാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പത്രക്കെട്ടുകള്‍ ഏറ്റുവാങ്ങിയത്. രണ്ട് ദിവസം കൊണ്ട് നഗരസഭയ്ക്ക് കീഴിലുള്ള മുഴുവന്‍ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പത്രങ്ങളും മറ്റും ശേഖരിക്കാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. സി ഡി എസ്, എ ഡി എസ്, ഹരിതകര്‍മ്മ സേന എന്നിവരുടെ നേതൃത്വത്തിലാണ് ശേഖരണം നടത്തുന്നത്. നഗരസഭ കൗണ്‍സിലര്‍മാര്‍ പദ്ധതിയുടെ വാര്‍ഡ്തല ഉദ്ഘാടനം നിര്‍വഹിക്കും.
വിവിധ സംഘങ്ങളായി തിരിഞ്ഞാവും ശേഖരണം നടത്തുക. ഇത്തരത്തില്‍ ശേഖരിച്ച പത്രങ്ങളും പുസ്തകങ്ങളും വില്‍പ്പന നടത്തുന്നതിലൂടെ രണ്ട് ലക്ഷം രൂപയെങ്കിലും സമാഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വൈസ് ചെയര്‍മാന്‍ പി പുരുഷോത്തമന്‍ അറിയിച്ചു. ഇവ വിറ്റുകിട്ടുന്ന പണം സെപ്റ്റംബര്‍ 17 ന് നഗരസഭയില്‍വെച്ച് മന്ത്രി ഇ പി ജയരാജനെ ഏല്‍പ്പിക്കും.
400 യൂണിറ്റുകളിലായി എണ്‍പതിനായിരത്തോളം കുടുംബശ്രീ അംഗങ്ങളാണ് നഗരസഭയിലുള്ളത്. സംസ്ഥാനത്തുടനീളം നടപ്പാക്കാവുന്ന പദ്ധതിയാണ് മട്ടന്നൂര്‍ നഗരസഭ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഇതിനോടകം 2.75 ലക്ഷത്തോളം രൂപയാണ് നഗരസഭയിലെ കുടുംബശ്രീ കൂട്ടായ്മയുടെ വകയായി ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരിക്കുന്നത്.