കുമളി ഗ്രാമപഞ്ചായത്ത്തല പ്രവേശനോത്സവം കുമളി ഗവ. ട്രൈബല്‍ യു. പി. സ്‌കൂളില്‍ വാഴൂര്‍ സോമന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. പ്രവേശനോത്സവത്തിന്റെ ആഹ്ലാദ നിമിഷങ്ങളിലേക്ക് പുത്തനുടുപ്പിട്ട് വര്‍ണ്ണക്കുടചൂടി എത്തിയ കുട്ടികളെ ഇക്കുറി സ്‌കൂളില്‍ സ്വീകരിച്ചത് കണ്ണിനെയും മനസിനെയും തൊട്ടുണര്‍ത്തുന്ന വര്‍ണക്കൂടാരമായിരുന്നു. അന്താരാഷ്ട്ര നിലവാരമുള്ള പഠനസൗകര്യം ഒരുക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന വര്‍ണക്കൂടാരം കുട്ടികള്‍ക്ക് ആദ്യ ദിവസം തന്നെ മധുരാനുഭവമായി.
കുട്ടികള്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ച് കളികളില്‍ ഏര്‍പ്പെടാന്‍ കഴിയുന്ന വിശാലവും ശിശുസൗഹൃദവുമായ പ്രവര്‍ത്തന ഇടങ്ങള്‍ ഒരുക്കുക എന്നതാണ് വര്‍ണക്കൂടാരം മാതൃകാ പ്രീ പ്രൈമറി സ്‌കൂള്‍ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. കുഞ്ഞുങ്ങളുടെ ഭാഷാ ശേഷി വളര്‍ത്താന്‍ സഹായിക്കുന്ന ഭാഷാ വികാസയിടം, ലഘു ശാസ്ത്ര പരീക്ഷണങ്ങള്‍ക്കും നിരീക്ഷണത്തിനും അവസരം നല്‍കുന്ന ശാസ്ത്രയിടം, കളികളിലൂടെ കണക്കിന്റെ ആദ്യപാഠങ്ങള്‍ നുണയുന്ന ഗണിതയിടം, കളിയിടം തുടങ്ങി കുട്ടിയുടെ സര്‍വതോന്മുഖ വികാസത്തിനു സഹായിക്കുന്ന 13 പ്രവര്‍ത്തന ഇടങ്ങള്‍ സ്‌കൂളില്‍ ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങളും പ്രവേശനോത്സവ ചടങ്ങില്‍ വിതരണം ചെയ്തു.
കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി കെ ബാബുക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ കെ എം സിദ്ദിഖ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിനോദ് ഗോപി, ജിജോ രാധാകൃഷ്ണന്‍, എസ് എം സി ചെയര്‍മാന്‍ പി ജെ ടൈറ്റസ്, പഞ്ചായത്ത് സെക്രട്ടറി ആര്‍ വെള്ളയ്യന്‍, അധ്യാപകര്‍, പി ടി എ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.