ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്‌കൂളില്‍ പ്രവേശനോത്സവവും നവീകരിച്ച സ്റ്റാര്‍സ് പ്രീ പ്രൈമറിയുടെ ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി നിര്‍വഹിച്ചു. പി ടി എ പ്രസിഡന്റ് എന്‍ ആര്‍ അജയന്‍ അധ്യക്ഷത വഹിച്ചു. സമഗ്ര ശിക്ഷാ കേരളത്തിന്റെ 10 ലക്ഷം രൂപ വിനിയോഗിച്ചാണ് വര്‍ണക്കൂടാരം എന്ന പേരില്‍ മാതൃക പ്രീ പ്രൈമറി ഒരുക്കിയത്.

പ്രീ പ്രൈമറി രംഗത്ത് അന്താരാഷ്ട്ര നിലവാരമുള്ള പഠന സൗകര്യം ഒരുക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പരിപാടിയാണ് ‘വര്‍ണക്കൂടാരം’ മാതൃകാ പ്രീ പ്രൈമറി സ്‌കൂളുകള്‍.കുട്ടികള്‍ക്ക് സന്തോഷത്തോടെയും അവരുടെ അഭിരുചിക്കനുസരിച്ചും കളികളില്‍ ഏര്‍പ്പെടാന്‍ കഴിയുന്ന വിശാലവും ശിശുസൗഹൃദവുമായ പ്രവര്‍ത്തന ഇടങ്ങള്‍ ഒരുക്കുക എന്നതാണ് വര്‍ണക്കൂടാരം മാതൃകാ പ്രീ പ്രൈമറി സ്‌കൂള്‍ പരിപാടിയുടെ ലക്ഷ്യം. കുഞ്ഞുങ്ങളുടെ ഭാഷാ ശേഷി വളര്‍ത്താന്‍ സഹായിക്കുന്ന ഭാഷാ വികാസയിടം, ലഘു ശാസ്ത്ര പരീക്ഷണങ്ങള്‍ക്കും നിരീക്ഷണത്തിനും അവസരം നല്‍കുന്ന ശാസ്ത്രയിടം, കളികളിലൂടെ കണക്കിന്റെ ആദ്യപാഠങ്ങള്‍ നുണയുന്ന ഗണിതയിടം, കളിയിടം തുടങ്ങി കുട്ടിയുടെ സര്‍വതോന്മുഖ വികാസത്തിനു സഹായിക്കുന്ന 13 പ്രവര്‍ത്തന ഇടങ്ങള്‍ സ്‌കൂളില്‍ ഒരുക്കിയിട്ടുണ്ട്.
ചടങ്ങില്‍ എസ് എസ് കെ ജില്ലാ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ആര്‍ മനോജ് പദ്ധതി വിശദീകരിച്ചു. വാര്‍ഡ് അംഗം ജോസുകുട്ടി അരീപ്പറമ്പില്‍, ബി ആര്‍ സി പരിശീലനകന്‍ ഫൈസല്‍ മുഹമ്മദ്, എസ് എം സി ചെയര്‍മാന്‍ സജിദാസ് മോഹന്‍, ഷാജി മോന്‍ കെ ആര്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അബ്ദുല്‍ ജാഫര്‍ കെ എം, ഉഷ കെ എസ്, അധ്യാപകര്‍, അനധ്യാപകര്‍, പിടിഎ ഭാരവാഹികള്‍, സാമൂഹ്യ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.