പയ്യന്നൂർ കണ്ടങ്കാളി ഷേണായി സ്മാരക ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ നടപ്പാക്കുന്ന റീസൈക്കിൾ പദ്ധതി കേരളം ഏറ്റെടുക്കേണ്ട മാതൃകയാണെന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു.  സ്‌കൂള്‍ സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകള്‍ സൈക്കിൾ ചലഞ്ചിലൂടെ ശേഖരിച്ച് കേടുപാടുകൾ തീർത്ത 103 സൈക്കിളുകളുടെ വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉപയോഗശൂന്യമായ സൈക്കിളുകൾ അറ്റകുറ്റപ്പണി ചെയ്‌ത്‌ ഉപയോഗയോഗ്യമാക്കുന്നതിലൂടെ മാതൃകാ പ്രവത്തനമാണ് എസ് പി സി നടത്തുന്നത്. ഈ പദ്ധതി  മറ്റ് വിദ്യാലയങ്ങൾ ഏറ്റെടുക്കണം. വിദ്യാർഥികളുടെ വ്യക്തിത്വ വികാസത്തിൽ  എസ്പിസി വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഉപയോഗിച്ച് വലിച്ചെറിയുക എന്ന സംസ്കാരം മാറണം. വലിച്ചെറിയൽ മുക്ത കേരളം എന്നതാണ് സർക്കാർ ലക്ഷ്യം സ്പീക്കർ പറഞ്ഞു.

 ശുചിത്വ മാലിന്യ സംസ്കരണത്തെക്കുറിച്ച് കുട്ടികളിൽ അവബോധം ഉണ്ടാക്കണമെന്നും  പൊതുശുചിത്വത്തിന് പ്രാമുഖ്യം നൽകാൻ ബോധപൂർവം ശ്രമിക്കണമെന്നും സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു.
 
സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിൽ ടി ഐ മധുസൂദനന്‍ എം എല്‍ എ അധ്യക്ഷനായി.  വിദ്യാര്‍ഥികളുടെ പൊതു ഉപയോഗത്തിനായി സ്‌കൂളില്‍ സൂക്ഷിക്കുന്ന സൈക്കിളുകള്‍ക്കായി ഒരുക്കിയ സൈക്കിള്‍ കോര്‍ണര്‍ നഗരസഭ വൈസ് ചെയർപേഴ്സൺ പി വി കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്തു. സൈക്കിൾ റിപ്പയറിംഗിന് വിദ്യാർഥികളെ പ്രാപ്തരാക്കിയ പ്രേമരാജന് എസ് പി സി കണ്ണൂര്‍ റൂറല്‍ ജില്ല നോഡല്‍ ഓഫീസര്‍ വി രമേശന്‍ ഉപഹാരം നല്‍കി.

കൗൺസിലർമാരായ എം പ്രസാദ്, എം ആനന്ദൻ, കെ ബാലൻ, കെ കെ ഫൽഗുണൻ, ടി പി അനിൽകുമാർ, വസന്ത രവി, അത്തായി പത്മിനി, ഇ ശാരിക, സ്കൂൾ പ്രിൻസിപ്പൽ പി വി വിനോദ് കുമാർ, റീസൈക്കിൾ പ്രൊജക്ട് കോർഡിനേറ്റർ സി വി രാജു,  മുൻ നഗരസഭാ ചെയർമാർ അഡ്വ.ശശി വട്ടക്കൊവ്വൽ, പയ്യന്നൂർ ഡി വൈ എസ് പി കെ ഇ പ്രേമചന്ദ്രൻ,
സി പി ഒ മിനി നമ്പ്യാർ , വിവിധ രാഷ്ട്രീയ സാംസ്കാരിക സംഘടനാ പ്രതിനിധികൾ, സ്കൂൾ അധികൃതർ, പിടിഎ, മദർ പി ടി എ പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.