പതിവിലും വ്യത്യസ്തമായി ഉത്സവാന്തരീക്ഷമായിരുന്നു ആറളം ഫാം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ.തോരണങ്ങളും ബലൂണുകളും അലങ്കാരങ്ങളും ശിങ്കാരിമേളവുമെല്ലാം ചേർന്ന് ആകെ ആഘോഷമയം. ജില്ലാതല പ്രവേശനോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതിൻ്റെ ആഹ്ലാദം.
ആദിവാസി മേഖലയിലെ ഏക ഹയർ സെക്കണ്ടറി വിദ്യാലയമായ ആറളം ഫാം ഹയർ സെക്കണ്ടറി സ്കൂൾ അങ്കണത്തിലൂടെ വിവിധ വർണങ്ങളിലുള്ള ബലൂണുകളും കൈയ്യിലേന്തി കളിയും ചിരിയുമായി അവർ നടന്നു നീങ്ങി. എഴുപത്തിമൂന്ന് കുരുന്നുകൾ.
പ്രവേശനോൽസവ ഉദ്ഘാടകനായെത്തിയ ഡോ. വി ശിവദാസൻ എം പിയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയും വൈസ് പ്രസിഡണ്ട് ബിനോയ് കുര്യനും മറ്റ് ജനപ്രതിനിധികളും അധ്യാപകരും രക്ഷിതാക്കളും അവർക്കൊപ്പം ചേർന്നു.
അറിവിന്റെ ലോകത്തേക്ക് ചുവടുവെക്കുന്ന കുരുന്നുകൾ സ്കൂളിന്റെ പടികടന്നെത്തിയപ്പോൾ വൈവിധ്യമാർന്ന സമ്മാനങ്ങളുമായാണ് അധ്യാപകർ അവരെ വരവേറ്റത്. അച്ഛനെയും അമ്മയെയും തിരഞ്ഞ് പരിഭ്രമിച്ച കുരുന്നുകളിൽ പിന്നീട് സന്തോഷത്തിൻ്റെ തിരയിളക്കം. കൗതുകങ്ങളും സൗഹൃദവും പങ്കുവച്ച് അവർ ക്ലാസിലിരുന്നു.
ആറളം ഫാം ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ ഒന്ന് മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ ആറളം പുനരധിവാസ മേഖലയിലുള്ള കുട്ടികൾ മാത്രമാണ് പഠിക്കുന്നത്. 656 പേർ. കഴിഞ്ഞ വർഷം 36 കുട്ടികൾ പ്രവേശനം നേടിയ ഇടത്ത് ഇക്കുറി 73 കുട്ടികളാണ് ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത്. പേരെഴുതിയ നക്ഷത്രങ്ങളും, ആശംസാ കാർഡുകളും, കളർ പെൻസിലുകളും, പഠനോപകരണങ്ങളുമായാണ് അധ്യാപകർ കുരുന്നുകളെ വരവേറ്റത്. അവർക്കുള്ള ബാഗുകളും നൽകി. മിഠായികളും പായസവും കൂടി എത്തിയപ്പോൾ മധുരം ഇരട്ടിയായി. വർണ ബലൂണുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ച ക്ലാസ്സ് മുറികൾ ഉത്സവഭരിതമായി.
പുതിയ സൗഹൃദങ്ങളെ ചേർത്തു പിടിച്ചും കുശലം പറഞ്ഞും അവർ ആദ്യദിനത്തെ വരവേറ്റു. കളിച്ചും ചിരിച്ചും ഒപ്പം പഠിച്ചും മുന്നേറാനുള്ള പുതിയ ജീവിത തുടക്കം.
സമത്വ സുന്ദരമായ ഭാരതം കെട്ടിപ്പടുക്കാൻ പുതിയൊരു ഇന്ത്യയെ സൃഷ്ടിക്കാൻ നമുക്ക് ഒത്തുചേർന്ന് പരിശ്രമിക്കാമെന്നും ഇതിനായി നല്ല വിദ്യാഭ്യാസം നേടാൻ കഴിയട്ടെ എന്നും പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു വി ശിവദാസൻ എം പി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. റിയാലിറ്റി ഷോ ഫെയിം ഹിതൈഷിണി ബിനീഷ് വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ, സ്ഥിരം സമിതി അധ്യക്ഷ കെ കെ രത്നകുമാരി, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ, ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി രാജേഷ്, സ്ഥിരം സമിതി അധ്യക്ഷൻ ഇ സി രാജു, വാർഡ് അംഗം മിനി ദിനേശൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ വി അബ്ദുൾ ലത്തീഫ്, കണ്ണൂർ ആർ ഡി ഡി കെ എച്ച് സാജൻ, വിഎച്ച്എസ്ഇ എഡി ഇ ആർ ഉദയകുമാരി, കണ്ണൂർ ഡയറ്റ് പ്രിൻസിപ്പൽ വി വി പ്രേമരാജൻ, എസ്എസ്കെ ജില്ലാ പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ ഇ സി വിനോദ്, കൈറ്റ് ജില്ലാ കോ-ഓർഡിനേറ്റർ വി സുപ്രിയ, ഐ ടി ഡി പി പ്രൊജക്ട് ഓഫീസർ സന്തോഷ്കുമാർ, തലശ്ശേരി ഡി ഇ ഒ എൻ എ ചന്ദ്രിക, ഇരിട്ടി എ ഇ ഒ കെ എ ബാബുരാജ്, സ്കൂൾ പ്രിൻസിപ്പൽ സുനിൽ കര്യാടൻ പ്രധാനാധ്യാപകൻ ടി തിലകൻ, അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ പി പ്രസാദ്, ഇരിട്ടി ബി ആർ സി ബ്ലോക്ക് പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ ടി എം തുളസീധരൻ, പി ടി എ പ്രസിഡണ്ട് എം സി വിജയൻ, വിവിധ അധ്യാപക സംഘടന പ്രതിനിധികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു