കണ്ണൂര്‍: മുഖ്യമന്ത്രിയുടെ ‘സാലറി ചലഞ്ചി’ന് സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് പൊതുവേ മികച്ച പ്രതികരണമാണ് ഉള്ളതെന്ന് വ്യവസായ-യുവജനക്ഷേമ-കായിക വകുപ്പു മന്ത്രി ഇ പി ജയരാജന്‍. എസ് എസ് എല്‍ സി ഉന്നതവിജയികള്‍ക്ക് കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സ്വര്‍ണ്ണപ്പതക്ക വിതരണവും വിവിധ ആനുകൂല്യങ്ങളുടെ വിതരണോദ്ഘാടനവും നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. ഒരു മാസത്തെ ശമ്പളം ഒറ്റയടിക്ക് നല്‍കാന്‍ സാധിക്കാത്തവര്‍ മൂന്ന് ദിവസത്തെ ശമ്പളം പത്ത് ഗഡുക്കളായി നല്‍കിയാല്‍ മതിയെന്ന സര്‍ക്കാറിന്റെ അഭ്യര്‍ത്ഥന നിരവധി ജീവനക്കാരാണ് ഇരുകയ്യും നീട്ടി സ്വീകരിച്ചത്. ഇത്ര വലിയ ദുരന്തം സംസ്ഥാനത്ത് ഉണ്ടായത് കണ്ടിട്ടും സഹായിക്കാന്‍ തോന്നാത്തവര്‍ അവിടെ നില്‍ക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ഡാമുകള്‍ തുറന്നതല്ല സംസ്ഥാനത്തെ പ്രളയത്തിനു കാരണം. ഡാമുകളില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനേക്കാള്‍ വെള്ളം എത്തിയപ്പോഴാണ് ഡാമുകള്‍ തുറന്നത്. അല്ലായിരുന്നെങ്കില്‍ അത് ഡാമുകളെ തകരാറിലാക്കുകയും ഇതിനേക്കാള്‍ വലിയ ദുരന്തം ഉണ്ടാകുകയും ചെയ്യുമായിരുന്നു. പ്രളയത്തില്‍ ആള്‍നാശം കുറയ്ക്കാന്‍ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിന് മത്സ്യത്തൊഴിലാളികളെ വിളിച്ചത് സര്‍ക്കാറാണ്. അര്‍ധരാത്രിയിലായിരുന്നിട്ടു പോലും സര്‍ക്കാറിന്റെ അഭ്യര്‍ത്ഥന സ്വീകരിച്ച് അവര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി. പ്രതിരോധ മരുന്ന് വിതരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ പ്രളയത്തിനു ശേഷമുണ്ടായ പകര്‍ച്ചാവ്യാധി ഭീഷണികളെ നിയന്ത്രിക്കാനും സര്‍ക്കാറിന് സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ കൈത്തറി ലോകപ്രശസ്ത ബ്രാന്‍ഡ് ആണെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. ഏതു കാലാവസ്ഥയിലും ധരിക്കാന്‍ അനുയോജ്യമായ ഗുണനിലവാരമുള്ളവയാണ് കൈത്തറി വസ്ത്രങ്ങള്‍. എന്നാല്‍ കൈത്തറി മേഖല ഇന്ന് പ്രതിസന്ധി നേരിടുകയാണ്. കൈത്തറി തൊഴിലാളികളുടെ അധ്വാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കുറഞ്ഞ കൂലിയാണ് അവര്‍ക്ക് ലഭിക്കുന്നത്. ചെറുപ്പക്കാര്‍ ഈ രംഗത്തേക്കു കടന്നു വരുന്നില്ല. ഈ രംഗത്തു നിന്ന് തൊഴിലാളികള്‍ കൊഴിഞ്ഞു പോകുകയാണ്. നെയ്ത്തു തൊഴിലാളികളില്‍ ഭൂരിഭാഗവും ഇപ്പോള്‍ സ്ത്രീകളാണ്.
കൈത്തറിയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കൈത്തറി യൂനിഫോം പദ്ധതി നടപ്പിലാക്കിയത്. തുടര്‍ന്നും കൈത്തറി മേഖലയെ സംരക്ഷിക്കാന്‍ ചെയ്യാന്‍ സാധിക്കുന്നതെല്ലാം ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്യും. അതിനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്. കൈത്തറി തൊഴിലാളികളുടെ മിനിമം വേതനം ഏതാണ്ട് അംഗീകരിച്ചിട്ടുണ്ട്. ഹാന്‍വീവ്, ഹാന്‍ടെക്‌സ് എന്നീ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളിലുള്ള പോരായ്മകള്‍ പരിഹരിച്ച് കൈത്തറിയെ കൂടുതല്‍ ശക്തിപ്പെടുത്തും. കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. കൈത്തറി രംഗത്ത് പല ദുഷ്പ്രവണതകള്‍ ഉണ്ടെന്നും ഇവയ്ക്ക് തടയിടേണ്ടതുണ്ടെന്നും ഇത്തരം കാര്യങ്ങളില്‍ കര്‍ശനമായ നടപടികള്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
പൊലീസ് ക്ലബ്ബിന് സമീപമുള്ള സഭാ ഹാളില്‍ നടന്ന പരിപാടിയില്‍ കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ അരക്കന്‍ ബാലന്‍ അധ്യക്ഷനായി. ബോര്‍ഡിലെ മുഴുവന്‍ ജീവനക്കാരുടെയും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുവാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ചെയര്‍മാന്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബോര്‍ഡ് സമാഹരിച്ച 4,62,089 രൂപ ആഗസ്റ്റ് 30 ന് കൈമാറിയിരുന്നു. രണ്ടാം ഗഡുവായി 1,93,115 രൂപയും ബോര്‍ഡ് ചെയര്‍മാന്റെ ഒരു മാസത്തെ ഓണറേറിയവും വ്യവസായ വകുപ്പ് മന്ത്രിക്ക് ചടങ്ങില്‍ വെച്ച് ചെയര്‍മാന്‍ കൈമാറി.
കൈത്തറി തൊഴിലാളികളുടെ മക്കളായ എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ 35 വിദ്യാര്‍ത്ഥികള്‍ക്ക് മന്ത്രി സ്വര്‍ണ്ണപ്പതക്കവും സര്‍ട്ടിഫിക്കറ്റും നല്‍കി. തൊഴിലാളികള്‍ക്ക് നല്‍കിവരുന്ന ആനുകൂല്യങ്ങളുടെ ഈ വര്‍ഷത്തെ വിതരണോദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. ഹാന്‍വീവ് ചെയര്‍മാന്‍ കെ പി സഹദേവന്‍, ഹാന്‍ടെക്‌സ് പ്രസിഡന്റ് പെരിങ്ങമല വിജയന്‍, ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ എ എന്‍ ബേബി കാസ്‌ട്രോ, കണ്ണൂര്‍ ജില്ലാ വീവേഴ്‌സ് സൊസൈറ്റീസ് അസോസിയേഷന്‍ പ്രതിനിധി കെ വി സന്തോഷ് കുമാര്‍, വിവിധ തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍, ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.