കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പത്മ പുരസ്കാരങ്ങളുടെ മാതൃകയിൽ വിവിധ മേഖലകളിൽ സമൂഹത്തിന് സമഗ്രസംഭാവനകൾ നൽകിയിട്ടുള്ള വ്യക്തിത്വങ്ങൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള കേരള പുരസ്കാരങ്ങളുടെ നിർണയം, പ്രഖ്യാപനം, വിതരണം എന്നിവ സംബന്ധിച്ച മാർഗനിർദേശങ്ങളിൽ ഭേദഗതി വരുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു (ഉത്തരവ് നം. സ.ഉ.(പി) നം.7/2023/പൊ.ഭ.വ., തീയതി 01.06.2023, തിരുവനന്തപുരം).

പുരസ്കാര നിർണയ സമിതികളായ പ്രാഥമിക പരിശോധന സമിതി, ദ്വിതീയ പരിശോധന സമിതി, അവാർഡ് സമിതി എന്നിവ സെർച്ച് കമ്മിറ്റിയായി കൂടി പ്രവർത്തിക്കുമെന്ന് ഉത്തരവിൽ പറയുന്നു. ആവശ്യമെങ്കിൽ ഉചിത വ്യക്തികളെ പുരസ്കാരങ്ങൾക്കായി ഈ സമിതികൾക്ക് നാമനിർദേശം ചെയ്യാം. പത്മ പുരസ്കാരങ്ങൾ (പത്മ വിഭൂഷൺ / പത്മ ഭൂഷൺ / പത്മ ശ്രീ) നേടിയിട്ടുള്ളവരെ കേരള പുരസ്കാരങ്ങൾക്ക് പരിഗണിക്കുന്നതല്ല.

കേരള പുരസ്കാരങ്ങൾ സംബന്ധിച്ച് 21.10.2021ലെ സ.ഉ.(പി) നം.27/2021/പൊ.ഭ.വ. പ്രകാരം പുറപ്പെടുവിച്ച മാർഗനിർദേശങ്ങളിലെ ‘പുരസ്കാരങ്ങൾക്ക് പരിഗണിക്കുന്നതിനുള്ള യോഗ്യത’ എന്ന തലക്കെട്ടിന് ചുവടെയുള്ള ഖണ്ഡികയുടെ ആദ്യം രേഖപ്പെടുത്തിയിട്ടുള്ള ‘കേരളപുരസ്കാരങ്ങൾക്ക്, സംസ്ഥാനത്ത് ജനിച്ച് സംസ്ഥാനത്ത് താമസിച്ചുവരുന്ന/താമസിച്ചിരുന്ന’ എന്ന വാക്കുകൾക്ക് പകരം ‘കേരളപുരസ്കാരങ്ങൾക്ക്, സംസ്ഥാനത്ത് പത്ത് വർഷമെങ്കിലും താമസിച്ചുവരുന്ന/താമസിച്ചിരുന്ന’ എന്ന വാക്കുകൾ കൂട്ടിച്ചേർക്കുന്നതായും ഭേദഗതി ഉത്തരവിൽ പറയുന്നു.