നഗരസഭയുടെ അതിദരിദ്ര ലിസ്റ്റിൽ ഉൾപ്പെട്ട കുടുംബങ്ങളിലെ 73 വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് നിർവഹിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ പി.ദിവാകരൻ അധ്യക്ഷത വഹിച്ചു.
ഈ അധ്യയന വർഷം കുട്ടികൾക്ക് ആവശ്യമായ ബാഗ്, കുട, നോട്ട് ബുക്ക്, ഇൻസ്‌ട്രുമെന്റ് ബോക്സ്, ചെരുപ്പ്, യൂണിഫോം, തുന്നൽ ചാർജ് ഉൾപ്പെടെ അനുവദിച്ച് നൽകുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ വിഭാഗത്തിലെ ഗുണഭോക്താക്കൾക്ക് ഭക്ഷ്യധാന്യങ്ങൾ, പാചകം ചെയ്ത ഭക്ഷണം, മരുന്ന് എന്നിവ കോർപ്പറേഷൻ നൽകി വരുന്നുണ്ട്. കൂടാതെ വീട് റിപ്പയറിന് ഒരു കോടി രൂപയും ഈ വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം ഈ വർഷത്തെ പദ്ധതിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് 60 ലക്ഷം രൂപയും വകയിരുത്തി.
പ്രൊജക്ട് ഓഫീസർ പ്രകാശൻ ടി.കെ, കൗൺസിലർ കെ.മൊയ്തീൻ കോയ എന്നിവർ സംസാരിച്ചു. കൗൺസിലർമാരായ ഷെമീന, പ്രസിന, പ്രസന്ന, ഈസ അഹമ്മദ്, സി.ഡി.എസ് ചെയർപേഴ്സൺമാരായ അംബിക, ശ്രീജ, ജാസ്മിൻ എന്നിവർ പങ്കെടുത്തു.