‘എല്ലാവർക്കും ഇന്റർനെറ്റ്’ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാനായുള്ള കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് പദ്ധതിയാണ് കേരള ഫൈബർ ഒപ്റ്റിക്കൽ നെറ്റ്‌വർക്ക് അഥവാ കെഫോൺ. സുശക്തമായ ഫൈബർ ശൃംഖല സംസ്ഥാനത്തുടനീളം സ്ഥാപിക്കുന്നതിലൂടെ കുറഞ്ഞ നിരക്കിൽ അതിവേഗ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കുന്നു.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ 30,000 സർക്കാർ സ്ഥാപനങ്ങളിലും 14,000 വീടുകളിലും കെഫോണിന്റെ ഇന്റർനെറ്റ് സേവനം ലഭ്യമാക്കും. തുടർന്ന്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 20 ലക്ഷത്തോളം കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സമർപ്പിച്ച പട്ടികയനുസരിച്ച് ആദ്യ ഘട്ടത്തിൽ ഒരു നിയമസഭാ മണ്ഡലത്തിലെ സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള 100 വീടുകൾ എന്ന നിലയിലാണ് കെഫോൺ കണക്ഷൻ നൽകുന്നത്.
കേരളത്തിലുടനീളം 40 ലക്ഷത്തോളം ഇന്റർനെറ്റ് കണക്ഷനുകൾ നൽകാൻ പര്യാപ്തമായ ഐ.ടി ഇൻഫ്രസ്ട്രക്ചർ ഇതിനകം കെഫോൺ സജ്ജീകരിച്ചിട്ടുണ്ട്. 20 mbps മുതൽ വേഗതയോടെ ഉപഭോക്താക്കൾക്ക് ഇന്റർനെറ്റ് സേവനങ്ങൾ ഉപയോഗിക്കാനാകും. ആവശ്യാനുസരണം വേഗത വർധിപ്പിക്കാനും കഴിയും. ഈ പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ വിഭാവനം ചെയ്തിട്ടുള്ള 30000 സർക്കാർ ഓഫീസുകളിൽ 26542 ഓഫീസുകളിൽ കെഫോൺ കണക്ഷൻ നൽകുന്നതിനുള്ള അനുബന്ധ ഉപകരണങ്ങൾ സ്ഥാപിച്ചു. ഇവയെ നെറ്റ്‌വർക്ക് ഓപ്പറേറ്റിംഗ് സെന്ററുമായി (NOC) ബന്ധിപ്പിക്കുന്ന ജോലികളും അവസാനഘട്ട ടെസ്റ്റിംഗ് പ്രവർത്തനങ്ങളും പൂർത്തിയായി. നിലവിൽ 17284 സർക്കാർ ഓഫീസുകളിൽ കെഫോൺ സേവനം ലഭ്യമാക്കി.
ഏഴായിരത്തിലധികം വീടുകളിലേക്ക് കണക്ഷൻ നൽകാനാവശ്യമായ കേബിൾ വലിക്കുന്ന ജോലികൾ പൂർത്തിയാക്കിയപ്പോൾ ആയിരത്തിലധികം ഉപഭോക്താക്കൾ നിലവിൽ കെഫോണിനുണ്ട്. 2023 ഓഗസ്റ്റോടുകൂടി ആദ്യഘട്ടം പൂർത്തീകരിച്ച് വാണിജ്യ കണക്ഷൻ നൽകുന്നതിനുള്ള നടപടികളിലേക്ക് കടക്കും. ആദ്യ വർഷം രണ്ടരലക്ഷം വാണിജ്യ കണക്ഷനുകൾ നൽകുന്നതിലൂടെ പദ്ധതി ലാഭത്തിലാക്കാനാണ് സർക്കാർ തീരുമാനം.
കെ.എസ്.ഇ.ബിയും കെ.എസ്.ഐ.റ്റി.ഐ.എല്ലും ചേർന്നുള്ള സംയുക്ത സംരംഭമായ ഈ പദ്ധതി കെഫോൺ ലിമിറ്റഡ് വഴിയാണ് നടപ്പാക്കുന്നത്.
സംസ്ഥാനത്തെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ കാര്യക്ഷമമാക്കുന്നതിനും സമ്പൂര്ണ്ണ ഇ- ഗവേർണൻസിന് കുതിപ്പേകാനും കെഫോൺ സഹായിക്കും.
കെഫോൺ പദ്ധതി ഔദ്യോഗികമായി മുഖ്യമന്ത്രി പിണറായി വിജയൻ ജൂൺ 5ന് നാടിന് സമർപ്പിക്കും.