നെടിയനാട് ജി എൽ പി സ്കൂളിൽ മാതൃക പ്രീ പ്രൈമറി ‘വർണ്ണക്കൂടാരം’ വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ സർക്കാർ വിദ്യാലയങ്ങൾ പഠന മേഖലയിൽ മികച്ച നിലവാരം പുലർത്തിയാണ് മുന്നോട്ട് പോവുന്നതെന്ന് അദ്ദേഹം പറഞ്ഞു. എം കെ മുനീർ എം എൽ എ അധ്യക്ഷത വഹിച്ചു.
സമഗ്ര ശിക്ഷാ കേരള ചേളന്നൂർ ബി ആർ സി മുഖേനയാണ് നെടിയനാട് ജി എൽ പി സ്കൂളിൽ വർണ്ണക്കൂടാരം ഒരുക്കിയത്. കുരുന്നുകള്‍ക്ക് കണ്ടും കേട്ടും അറിഞ്ഞും വളരാനായി പ്രീ പ്രൈമറി വിദ്യാലയങ്ങളെ മനോഹരവും ആകര്‍ഷകവുമാക്കുന്ന പദ്ധതിയാണ് വർണ്ണക്കൂടാരം. പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലുളള മാതൃകാ പ്രീപ്രൈമറികളാണ് വർണ്ണക്കൂടാരത്തിലൂടെ ലക്ഷ്യമിടുന്നത്.
പ്രധാനാധ്യാപകൻ പി. കെ സജീവൻ റിപ്പോർട്ട് അവതരിപ്പിച്ചു. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാന രാരപ്പൻകണ്ടി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി പുല്ലങ്കണ്ടി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജൗഹർ പൂമംഗലം, പഞ്ചായത്ത് അംഗം രാജു ടി ഡി, പി.ഒ എസ് യമുന, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ സലിം സ്വാഗതവും പ്രീ പ്രൈമറി സ്കൂൾ ടീച്ചർ നൈസി എൻ. സി നന്ദിയും പറഞ്ഞു.