മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ വൻ മുന്നേറ്റം
തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജും തിരുവനന്തപുരം ഗവ. ദന്തൽ കോളജും ദേശീയ മെഡിക്കൽ വിദ്യാഭ്യാസ റാങ്കിങ്ങിൽ സ്ഥാനം നേടി. തിരുവനന്തപുരം മെഡിക്കൽ കോളജ് 44-ാം സ്ഥാനത്തും ദന്തൽ കോളജ് 25-ാം സ്ഥാനത്തുമാണുള്ളത്. ആദ്യമായാണ് കേരളത്തിൽ നിന്നുള്ള ഒരു സർക്കാർ മെഡിക്കൽ കോളജ് ദേശീയ റാങ്കിങ്ങിൽ ഉൾപ്പെടുന്നത്. ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷ്യേറ്റീവ് ഉൾപ്പെടെ ആവിഷ്‌കരിച്ച് പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് ഒപ്പം നിന്ന് പരിശ്രമിച്ച മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ എല്ലാ ടീം അംഗങ്ങൾക്കും ആരോഗ്യ മന്ത്രി വീണാ ജോർജ് നന്ദിയറിയിച്ചു.
സംസ്ഥാനത്തെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ രണ്ട് വർഷങ്ങൾ കൊണ്ട് വലിയ പുരോഗതിയാണുണ്ടായതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. രണ്ട് മെഡിക്കൽ കോളജുകളും രണ്ട് നഴ്സിംഗ് കോളജുകളും യാഥാർത്ഥ്യമാക്കി. കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ യാഥാർത്ഥ്യമാക്കി. മെഡിക്കൽ കോളജുകളിൽ മാസ്റ്റർ പ്ലാനുകൾ നടപ്പിലാക്കി മികവിന്റെ കേന്ദ്രങ്ങളാക്കി വരുന്നു. ഈ സർക്കാർ വന്ന ശേഷം 29 സ്‌പെഷ്യാലിറ്റി സീറ്റുകൾക്കും 9 സൂപ്പർ സ്‌പെഷ്യാലിറ്റി സീറ്റുകൾക്കും അനുമതി നേടിയെടുക്കാൻ സാധിച്ചു. ദന്തൽ മേഖലയുടെ വികസനത്തിനായും വലിയ ഇടപെടലുകളാണ് നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം മെഡിക്കൽ കോളജിന്റെ വികസന പ്രവർത്തനങ്ങൾക്കായി 50ൽ അധികം തവണയാണ് മന്ത്രി വീണാ ജോർജ് മെഡിക്കൽ കോളജ് സന്ദർശിച്ച് ചർച്ച നടത്തിയത്. അധ്യാപകരും വിദ്യാർത്ഥികളുമായി നിരവധി തവണ ഗ്യാപ് അനാലിസിസ് ചർച്ചകൾ നടത്തി അവ നികത്തുന്നതിനുള്ള നടപടി സ്വീകരിച്ചു. മാസ്റ്റർപ്ലാനിന്റെ ഭാഗമായി കിഫ്ബി വഴി 717 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് മെഡിക്കൽ കോളജിൽ നടന്നു വരുന്നത്. ആദ്യഘട്ടത്തിലെ റോഡും പാലവും നിർമ്മാണം പൂർത്തിയാക്കി 194.32 കോടി അനുവദിച്ച് രണ്ടാംഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചു. എംഎൽടി ബ്ലോക്ക്, തീയറ്റർ കം സർജിക്കൽ വാർഡ്, എസ്.എ.ടി. പീഡിയാട്രിക് ബ്ലോക്ക് എന്നിയ്ക്കാണ് തുകയനുവദിച്ചത്. ഇമേജോളജി ബ്ലോക്ക് സ്ഥാപിക്കുന്നതിന് 44 കോടി പ്രത്യേകം അനുവദിച്ചു.
സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന് ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷ്യേറ്റീവ് എന്ന പദ്ധതിയ്ക്ക് മെഡിക്കൽ കോളജിൽ തുടക്കം കുറിച്ചു. ട്രയാജ് സംവിധാനം ഉൾപ്പെടെയുള്ള കാഷ്വാലിറ്റി സജ്ജമാക്കി. എമർജൻസി മെഡിസിൻ വിഭാഗത്തിൽ 3 പിജി സീറ്റുകൾക്ക് അനുമതി ലഭ്യമാക്കി എമർജൻസി മെഡിസിൻ വിഭാഗം ആരംഭിച്ചു. സർക്കാർ മേഖലയിൽ നൂറോളജി വിഭാഗത്തിലുള്ള രാജ്യത്തെ ആദ്യത്തെ ന്യൂറോ കാത്ത്‌ലാബ് ഉൾപ്പെട്ട സമഗ്ര സ്‌ട്രോക്ക് സെന്റർ സജ്ജമാക്കി. 100 ഐസിയു കിടക്കകളുള്ള പ്രത്യേക ബ്ലോക്ക് സ്ഥാപിച്ചു. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമാക്കി. മെഡിക്കൽ കോളജിൽ ആദ്യമായി ലിനാക്, ഇന്റർവെൻഷണൽ പൾമണോളജി യൂണിറ്റ്, ബേൺസ് ഐസിയു എന്നിവ സ്ഥാപിച്ചു.
സർക്കാർ മേഖലയിൽ ആദ്യമായി എസ്.എ.ടി. ആശുപത്രിയിൽ പീഡിയാട്രിക് ഹൃദയ ശസ്ത്രക്രിയ വിഭാഗം, എസ്.എം.എ. ക്ലിനിക് എന്നിവ ആരംഭിച്ചു. എസ്.എ.ടി. ആശുപത്രിയെ കേന്ദ്രം അപൂർവ രോഗങ്ങളുടെ സെന്റർ ഓഫ് എക്സലൻസ് ആയി ഉയർത്തി. പീഡിയാട്രിക് ഗ്യാസ്‌ട്രോ വിഭാഗം ആരംഭിച്ചു. എസ്.എം.എ. രോഗികൾക്ക് ആദ്യമായി സ്പൈൻ സർജറി മെഡിക്കൽ കോളജിൽ വിജയകരമായി ആരംഭിച്ചു.