ഗവേഷണരംഗത്തെ കേരളീയരായ പ്രഗത്ഭരെ ആദരിക്കുന്നതിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ 2021ലെ കൈരളി റിസർച്ച് പുരസ്കാരങ്ങൾ  ജൂൺ എട്ടിന് വിതരണം ചെയ്യും. രാവിലെ 10നു തിരുവനന്തപുരം മാസ്‌ക്കറ്റ്‌ ഹോട്ടലിലെ സിംഫണി ഹാളിൽ നടക്കുന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പുരസ്കാരങ്ങൾ സമ്മാനിക്കും.

 കൈരളി ഗ്ലോബൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്, പ്രമുഖ ശാസ്ത്രജ്ഞരുടെ സമഗ്ര സംഭാവനയ്ക്ക് നൽകുന്ന കൈരളി ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്, പോസ്റ്റ് ഡോക്ടറൽ ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന വിദ്യാർഥികൾക്കുള്ള കൈരളി ഗവേഷക പുരസ്കാരം, റിസർച്ച് ഫാക്കൽറ്റിക്ക് നൽകുന്ന കൈരളി ഗവേഷണ പുരസ്കാരം എന്നീ അവാർഡുകളാണ് വിതരണം ചെയ്യുന്നത്.