സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനുള്ള (KSMFDC) സംസ്ഥാന സർക്കാർ ഗ്യാരണ്ടി 50 കോടി രൂപയിൽ നിന്ന് 100 കോടി രൂപയായി ഉയർത്തി. കോർപ്പറേഷനിൽ നിന്നും വായ്പയെടുക്കുന്ന ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരുടെ എണ്ണം വർധിച്ചു വരുന്നതിനാൽ ക്ഷേമ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നിന് ഗ്യാരണ്ടി വർധിപ്പിക്കണമെന്ന് KSMFDC സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ നിന്നും കൂടുതൽ ലോണുകൾ ലഭ്യമാക്കുന്നതിനും ഗ്യാരണ്ടി വർധിപ്പിക്കണമെന്ന് KSMFDC എം.ഡി യും സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു. സർക്കാർ ഗ്യാരണ്ടി ഉയർത്തിയതോടെ കൂടുതൽ വായ്പകൾ ജനങ്ങളിലേക്ക് എത്തിക്കാൻ സാധിക്കുകയും ന്യൂനപക്ഷ സമുദായങ്ങളിലെ കൂടുതൽ പേർക്ക് പ്രയോജനപ്പെടുകയും ചെയ്യും.

കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്ത ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട മുസ്ലിം, ക്രിസ്ത്യൻ, സിക്ക്, ബുദ്ധ, ജൈന, പാർസി എന്നീ മതത്തിൽപ്പെട്ട എല്ലാ വിഭാഗത്തിലുള്ളവർക്കും കോർപ്പറേഷൻ വളരെ കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകി വരുന്നു.