കോക്ലിയാര്‍ ഇംപ്ലാന്റ് ചെയ്ത കുട്ടികള്‍ക്ക് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

സമ്പൂര്‍ണ്ണ കേള്‍വി ശക്തി ലഭിക്കാന്‍ കോക്ലിയാര്‍ ഇംപ്ലാന്റ് ചെയ്ത 18 വയസിനു താഴെയുള്ളവരും കോക്ലിയാര്‍ ഇംപ്ലാന്റ് ചെയ്ത് ഒരു വര്‍ഷം കഴിഞ്ഞവരുമായ കുട്ടികള്‍ക്ക് ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്ക് 2023-24 വര്‍ഷം ഇടുക്കി ജില്ലാ പഞ്ചായത്ത് നല്‍കുന്ന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു നല്‍കുന്നു. അര്‍ഹരായവരും ഇംപ്ലാന്റ് ചെയ്ത ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്ക് ധനസഹായം ആവശ്യമുള്ളവരുമായ ഗുണഭോക്താക്കള്‍ ബന്ധപ്പെട്ട പഞ്ചായത്തിലെ ഗ്രാമസഭകള്‍ വഴി പദ്ധതിയുടെ നിര്‍വഹണ ഉദ്യോഗസ്ഥനായ ഇടുക്കി ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ തൊടുപുഴ മിനി സിവില്‍ സ്റ്റേഷന്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നിന്ന് എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും നേരിട്ടും 0486-2228160 എന്ന ഫോണ്‍ നമ്പറിലും ലഭിക്കും.

കൗണ്‍സലര്‍ നിയമനത്തിന് വാക് ഇന്‍ ഇന്റര്‍വ്യു

പട്ടിക വര്‍ഗ വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പൈനാവ് ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, വിവിധ പ്രീമെട്രിക് ഹോസ്റ്റലുകള്‍ എന്നിവിടങ്ങളിലെ അന്തേവാസികളായ വിദ്യാര്‍ഥികള്‍ക്ക് വ്യക്തിത്വ വികസനം, സ്വഭാവ രൂപീകരണം, പഠനശേഷി വര്‍ധിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ കൗണ്‍സലിംഗ് നല്‍കുന്നതിന് 2023-24 അധ്യായന വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കൗണ്‍സലറെ നിയമിക്കുന്നതിന് ജൂണ്‍ 12 ന് വാക് ഇന്‍ ഇന്റര്‍വ്യു നടത്തും.
എം.എ സൈക്കോളജി/എം.എസ്ഡബ്ല്യു(സ്റ്റുഡന്റ് കൗണ്‍സലിംഗ് പരിശീലനം നേടിയിരിക്കണം) യോഗ്യതയുളളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം.
എം.എസ്.സി സൈക്കോളജിയില്‍ കേരളത്തിന് പുറത്തുളള സര്‍വകലാശാലകളില്‍ നിന്ന് യോഗ്യത നേടിയിട്ടുളളവര്‍ തുല്യത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കൗണ്‍സലിംഗ് സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ നേടിയവര്‍ക്കും സ്റ്റുഡന്റ് കൗണ്‍സലിംഗ് രംഗത്ത് മുന്‍പരിചയം ഉള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. നിശ്ചിത യോഗ്യതയും നൈപുണ്യവും കഴിവുമുള്ള പട്ടികവര്‍ഗക്കാര്‍ക്കും മുന്‍ഗണന ലഭിക്കും. പ്രായപരിധി 2023 ജനുവരി 1 ന് 25 നും 45 നും ഇടയിലായിരിക്കണം. ആകെ ഒഴിവ് 4 (പുരുഷന്‍-2, സ്ത്രീ-2) , താല്‍പര്യമുളളവര്‍ വെളളക്കടലാസില്‍ തയാറാക്കിയ അപേക്ഷ, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, അഡ്രസ്സ് പ്രൂഫ്, ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് എന്നിവ സഹിതം ജൂണ്‍ 12 ന് രാവിലെ 11 ന് തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ പുതിയ ബ്ലോക്കില്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ഐ.ടി.ഡി പ്രൊജക്റ്റ് ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 222399.

ഡിപ്‌ളോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാര്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഇടുക്കി ജില്ലയിലെ കാഞ്ചിയാര്‍ ഗവ. കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രണ്ടു വര്‍ഷ ഡിപ്‌ളോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് കോഴ്‌സിലേക്ക് 2023 24 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിച്ചു. എസ്.എസ്.എല്‍.സിയാണ് അടിസ്ഥാന യോഗ്യത. www.polyadmission.org/gci എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. പൊതുവിഭാഗങ്ങള്‍ക്ക് 100 രൂപയും പട്ടിക വിഭാഗങ്ങള്‍ക്ക് 50 രൂപയുമാണ് അപേക്ഷ ഫീസ്. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ 30. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 04868 271058, 9497757649.

ശുചിത്വ മിഷനില്‍ റിസോഴ്സ് പെഴ്സണ്‍ ഒഴിവ്

ശുചിത്വ മിഷന്‍ ഇടുക്കി ജില്ലാ ഓഫീസിന് കീഴില്‍ വിവിധ തദ്ദേശസ്ഥാപനങ്ങളില്‍ ടെക്‌നിക്കല്‍ റിസോഴ്‌സ് പെഴ്‌സണ്‍/ റിസോഴ്‌സ് പെഴ്‌സണ്‍ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഐടിഐ ഡിപ്ലോമ, ബിസിഎ/എംസിഎ, ബിടെക്/എംടെക് (സിവില്‍/എന്‍വയോണ്‍മെന്റല്‍) എന്നിവയോ തത്തുല്യമായ ടെക്‌നിക്കല്‍ യോഗ്യതയോ ഉള്ളവര്‍, അല്ലെങ്കില്‍ ബിരുദം ജൈവ/അജൈവ മാലിന്യ സംസ്‌കരണ അവബോധം, ക്യാമ്പയ്നുകള്‍ സംഘടിപ്പിക്കല്‍, ഗ്രീന്‍പ്രോട്ടോക്കോള്‍, മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ സംബന്ധിച്ച അവബോധം, പവര്‍ പോയന്റ് പ്രസന്റേഷനുകള്‍ തയ്യാറാക്കുന്നതിനുളള കഴിവ് എന്നിവയുള്ളവര്‍, അല്ലെങ്കില്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ജൂണ്‍ 17 ന് വൈകുന്നേരം 5 മണിക്ക് മുമ്പ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍, ജില്ലാ ശുചിത്വ മിഷന്‍, ജില്ലാ പഞ്ചായത്ത് ബില്‍ഡിങ്, പൈനാവ് പി.ഒ, ഇടുക്കി-685603 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. അഭിമുഖം/എഴുത്ത് പരീക്ഷ എന്നിവയുടെ തീയതി പിന്നീട് അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 232295