സാമൂഹ്യനീതി വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ട്രാൻസ്ജെൻഡർ സെല്ലിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനം ലഭിക്കുന്നതിന് യോഗ്യരായ ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. പ്രൊജക്ട് ഓഫീസർ, പ്രോജക്ട് അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ് തസ്തികകളിലാണ് ഒഴിവുകൾ.

പ്രോജക്ട് ഓഫീസർ തസ്തികയിൽ ഒരു ഒഴിവാണുള്ളത്. ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. ബിരുദാനന്തര ബിരുദം അഭിലഷണീയം. 01.01.2023 ൽ 25 വയസ് പൂർത്തിയാകണം. 45 വയസ് കവിയരുത്. 30,675 രൂപയാണ് പ്രതിമാസ വേതനം.

പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ രണ്ട് ഒഴിവാണുള്ളത്. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് യോഗ്യത. 01.01.2023 ൽ 20 വയസ് പൂർത്തിയാകണം. 40 വയസ് കവിയരുത്. 19,950 രൂപയാണ് പ്രതിമാസ വേതനം.

ഓഫീസ് അറ്റൻഡന്റ് തസ്തികയ്ക്ക് ഒരു ഒഴിവുണ്ട്. പത്താം ക്ലാസ് പാസായിരിക്കണം. 01.01.2023 ൽ 20 വയസ് പൂർത്തിയാകണം. 40 വയസ് കവിയരുത്. 17,325 രൂപയാണ് പ്രതിമാസ വേതനം.

ഒരു വർഷത്തേക്കാണ് കരാർ നിയമനം. ഉദ്യോഗാർഥികൾ ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയിൽ ഉൾപ്പെട്ടവരായിരിക്കണം. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. താത്പര്യമുള്ളവർ നിശ്ചിതമാതൃകയിലുള്ള അപേക്ഷ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം ജൂൺ 22 മുതൽ 30 വരെ സാമൂഹികനീതി ഡയറക്ടറേറ്റ്, അഞ്ചാംനില, വികാസ് ഭവൻ, പി.എം.ജി, തിരുവനന്തപുരം എന്ന വിലാസത്തിൽ സാമൂഹികനീതി ഡയറക്ടർക്ക് അപേക്ഷ സമർപ്പിക്കണം.

കരാർ നിയമനം ലഭിക്കുന്ന ഉദ്യോഗാർഥികൾക്ക് നിർദിഷ്ഠ എഗ്രിമെന്റിന്റെ അടിസ്ഥാനത്തിൽ ജോലിയിൽ പ്രവേശിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോം swd.kerala.gov.in ൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30.