കോഴിക്കോട്: പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ ഭൂദാനം കോളനിയെ അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി. കോളനിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി പ്രവൃത്തി ഉടനെ ആരംഭിക്കുമെന്ന് പി.ടി.എ. റഹീം എം.എല്‍.എ അറിയിച്ചു. റോഡുകള്‍, വൈദ്യുതീകരണം, കുടിവെള്ളം, സാനിറ്റേഷന്‍, വീട് പുനരുദ്ധാരണം, കളിസ്ഥലം, ബയോഗ്യാസ് പ്ലാന്റ്, മാലിന്യ നിര്‍മ്മാര്‍ജ്ജനം, വരുമാനദായക പദ്ധതികള്‍, കാര്യശേഷി വികസന പരിപാടികള്‍, വനിതകളുടെ സ്വയം സഹായ സംഘങ്ങള്‍ വഴിയുള്ള സൂക്ഷ്മ സംരംഭങ്ങള്‍ തുടങ്ങിയ പദ്ധതികള്‍ക്കായാണ് ഇപ്പോള്‍ അനുവദിച്ച ഒരു കോടി രൂപ ചെലവഴിക്കുക. അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ആമ്പ്രമ്മല്‍, ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ എ.കെ.ജി കോളനി എന്നിവയുടെ വികസനത്തിനായി 1 കോടി രൂപ വീതം അനുവദിച്ചിരുന്നു. ഇവയുടെ പ്രവൃത്തി നടന്നുവരികയാണ്.