ഇടുക്കി: മലയാള ഭാഷയില്‍ പിന്നോക്കം നില്ക്കുന്ന വിദ്യാര്‍തഥികളെ മുന്‍നിരയിലെത്തിക്കാനും മികച്ച വായനക്കാരും എഴുത്തുകാരുമാക്കി മാറ്റുവാനും അധ്യാപകര്‍ക്ക് പരിശീലനം നല്കുന്ന മലയാളത്തിളക്കം പരിപാടിക്ക് കാല്‍വരിമൗണ്ട് മേഘമല റിസോര്‍ട്ടില്‍ തുടക്കമായി. സമഗ്ര ശിക്ഷാ അഭിയാന്‍ ഇടുക്കി ജില്ലയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടി  സ്റ്റേറ്റ് അഡീഷണല്‍ പ്രോജക്ട് ഡയറക്ടര്‍ അനില ജോര്‍ജ് ഉദ്ഘാടനം ചെയ്തു. എല്‍.പി, യു.പി തലങ്ങളില്‍ ഫലപ്രദമായി നടപ്പാക്കിയ പരിപാടി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ കൂടി എത്തിക്കുന്നതിനാണ് അധ്യാപകര്‍ക്ക്  പരിശീലനം നല്കുന്നത്. ആറുദിവസം നടക്കുന്ന പരിശീലനപരിപാടിയില്‍ കോട്ടയം, ഇടുക്കി ജില്ലകളിലെ ഓരോ ട്രയിനിംഗ് സെന്റ്‌റുകളില്‍ നിന്നുളള രണ്ട് അധ്യാപകര്‍ വീതം  45 അധ്യാപകര്‍ക്കാണ് പരിശീലനം നല്കുന്നത്. കട്ടപ്പന സബ് ജില്ലയിലെ 10 സ്‌കൂളുകളില്‍ ഇന്നുമുതല്‍ (25-9-18) പരീക്ഷണ ക്ലാസുകള്‍ ആരംഭിക്കും.  പ്രോഗ്രാം ഓഫീസര്‍ ജോസി ജോര്‍ജ്, കട്ടപ്പന ബി പി ഒ രാധാകൃഷ്ണന്‍ ചെട്ടിയാര്‍, സംസ്ഥാന റിസോഴ്‌സ് അംഗങ്ങളായ ജി.രവി, അജ്മല്‍ കപൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.