ഇടുക്കി വണ്ടന്‍മേട് പുറ്റടി സി എച്ച് സി യില്‍ ആധുനിക സജ്ജീകരണങ്ങളോടെ ദന്തല്‍ വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. ദന്തല്‍ പരിശോധനയ്ക്കായി മൊബൈല്‍ എക്‌സറേ യൂണിറ്റടക്കം അത്യാധുനിക ഉപകരണങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. എല്ലാ പ്രവര്‍ത്തി ദിനങ്ങളിലും രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ദന്തല്‍ സര്‍ജന്റെ സേവനം ദന്തല്‍ ഒ.പി.യില്‍ ലഭിക്കും. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് അഞ്ച് ലക്ഷം രൂപയും എന്‍ആര്‍എച്ച്എം ന്റെ ഒരു ലക്ഷം രൂപയും ഉപയോഗിച്ചാണ് ദന്തല്‍ ഒ.പിയ്ക്കാവശ്യമായ ഉപകരണങ്ങള്‍ വാങ്ങിയത്. പല്ല് എടുക്കല്‍, അടയ്ക്കല്‍, ക്ലീനിംഗ്, പല്ലിന്റെ എക്‌സ് റേ എടുക്കല്‍ തുടങ്ങിയവയെല്ലാം സര്‍ക്കാര്‍ നിശ്ചയിച്ച ഏറ്റവും കുറഞ്ഞ നിരക്കില്‍ ഇവിടെ നിന്നും ചെയ്തു നല്കും. ടെക്‌നീഷ്യന്റെ സേവനമില്ലാത്തതിനാല്‍ കൃത്രിമ പല്ല് വയ്ക്കല്‍, കമ്പിയിടീല്‍ എന്നിവ ഒഴികെ ദന്ത സംബന്ധമായ എല്ലാ രോഗങ്ങള്‍ക്കും ദന്തല്‍ വിഭാഗത്തില്‍ ചികിത്സ ലഭ്യമാണ്. സ്വകാര്യ സ്ഥാപനങ്ങളില്‍ 250 രൂപ ആവശ്യമുള്ളിടത്ത് 50 രൂപ മാത്രമാണ് ഇവിടെ വേണ്ടി വരുന്നത്. 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന സര്‍ക്കാരിന്റെ ആരോഗ്യ കിരണം പദ്ധതിയുടെ പ്രയോജനം സി എച്ച് സിയിലെ ദന്തല്‍ വിഭാഗത്തിലും ലഭ്യമാണ്. ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെയുള്ള മികച്ച ചികിത്സ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ ലഭ്യമാകുന്നത് വണ്ടന്‍മേടിനു പുറമെ ഇതര പഞ്ചായത്തുകളിലുള്ള രോഗികള്‍ക്കും ഏറെ പ്രയോജനപ്രദമാകും.
ആധുനിക സംവിധാനങ്ങളോടുകൂടിയ ദന്തല്‍ ഒ.പിയുടെ ഉദ്ഘാടനം കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാലി ജോളി നിര്‍വ്വഹിച്ചു. വണ്ടന്‍മേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി റെജി അധ്യക്ഷത വഹിച്ചു. ഉദ്ഘാടന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജി.കെ.ഫിലിപ്പ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരീഷ് സി.ജി, മെഡിക്കല്‍ ഓഫീസര്‍ ഡോ.റ്റിജു.പി.ജോസഫ്, ദന്തല്‍ സര്‍ജന്‍ ഡോ.രാഹുല്‍, ബ്ലോക്ക് – ഗ്രാമപഞ്ചായത്തംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, വിവിവിധ രാഷ്ടീയ സംഘടനാ പ്രവര്‍ത്തകര്‍ , പൊതുപ്രവര്‍ത്തകര്‍, സി എച്ച് സി ജീവനക്കാര്‍, ആശാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.