ജലശക്തി അഭിയാൻ ക്യാച്ച് ദി റെയ്ൻ ക്യാമ്പയിന്റെ ഭാഗമായി അരിമ്പൂർ പഞ്ചായത്തിലെ അമൃത് സരോവർ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച കണ്ണംകായി കുളം കേന്ദ്ര സംഘം സന്ദർശിച്ചു. പെട്രോളിയം – പ്രകൃതി വാതക മന്ത്രാലയം ഡയറക്ടറും ചീഫ് നോഡൽ ഓഫീസറുമായ ദീപക് ശ്രീവാസ്തവിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘമാണ് സന്ദർശിച്ചത്.
കുളം മലിനീകരിക്കപ്പെടാതെ സംരക്ഷിക്കണമെന്നും കക്കൂസ് മാലിന്യം ജലത്തിലേക്ക് എത്തിപ്പെടാതിരിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കണമെന്നും അരിമ്പൂർ ക്യാപ്റ്റൻ ലക്ഷ്മി അങ്കണവാടിയിൽ ചേർന്ന ജലസഭ യോഗത്തിൽ പഞ്ചായത്ത് അധികൃതരോട് കേന്ദ്ര സംഘം നിർദ്ദേശിച്ചു.
കൂടാതെ കുളം നവീകരണ പദ്ധതിയുടെ വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശിച്ചു.
തൃശൂർ ജില്ലയിലെ ജലസംരക്ഷണ മാർഗങ്ങളെ കുറിച്ചും ജലസംഭരണ നിർമിതികളെയും കുറിച്ച് പഠിക്കാനും അവലോകനം ചെയ്യാനുള്ള ലക്ഷ്യത്തോടെയാണ് സംഘം വിവിധ സ്ഥലങ്ങളിലെ നിർമിതികളിൽ സന്ദർശനം നടത്തുന്നത്. മഴവെള്ള ശേഖരണം ഉറപ്പാക്കി കുടിവെള്ള ക്ഷാമം പരിഹരിക്കാനും പ്രകൃതിയെ സംരക്ഷിക്കാനുമാണ് ക്യാമ്പയിൻ ലക്ഷ്യമിടുന്നത്. സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡ് ടെക്നിക്കൽ ഓഫീസർ സ്വപ്ന സാക്ഷി, ഭൂജല വകുപ്പ് സീനിയർ ഹൈഡ്രോ ജിയോളജിസ്റ്റും ജില്ലാ ഓഫീസറുമായ ഡോ. സന്തോഷ്, എംജിഎൻഇആർജിഎസ് ജോയന്റ് പ്രോഗ്രാം കോർഡിനേറ്റർ ഉഷ എം കെ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
അരിമ്പൂർ പഞ്ചായത്തിലെ പതിനാലാം വാർഡിൽ ക്യാപ്റ്റൻ ലക്ഷ്മി അങ്കണവാടിയോട് ചേർന്നാണ് കണ്ണംകായ് കുളം സ്ഥിതി ചെയ്യുന്നത്. അമൃത് സരോവർ പദ്ധതിയിൽ ഉൾപ്പെടുത്തി 14,93,000 രൂപ ചെലവിലാണ് കുളം നവീകരിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയിലൂടെ 200 തൊഴിൽ ദിനം സൃഷ്ടിച്ചാണ് നവീകരണം. വയോജന സൗഹൃദ പാർക്ക്, ഇരിപ്പിടങ്ങൾ, കുളത്തിന് ചുറ്റും നടപ്പാത, കുളത്തിനോട് ചേർന്നുള്ള റോഡ് നവീകരണം തുടങ്ങിയ പ്രവർത്തനങ്ങൾ കൂടി പൂർത്തീകരിക്കാനുണ്ട്.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. എംജിഎൻഇആർജിഎസ് അക്രിഡറ്റഡ് എൻഞ്ചിനിയർ അനു വി എസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശശിധരൻ മുഖ്യാതിഥിയായി. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ മെജോ, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ വി കെ ഉണ്ണികൃഷ്ണൻ, കെഎഫ്ആർഐ മുൻ പ്രിൻസിപ്പൽ ഡോ. കെ വിദ്യാസാഗർ, വാർഡ് മെമ്പർ കെ എൻ സലിജ, എംജിഎൻഇആർജിഎസ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.