കേരളത്തിലെ കയർ മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുന്നതിന് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചതായും സമിതിയുടെ ശുപാർശകൾ ട്രേഡ് യൂണിയൻ നേതാക്കളുൾപ്പടെ കയർ മേഖലയിലുള്ളവരുമായി ചർച്ച ചെയ്ത ശേഷം അംഗീകരിക്കാൻ കഴിയുമെന്നും സമയ ബന്ധിതമായി നടപ്പാക്കാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നതായി കയർ- വ്യവസായ മന്ത്രി പി.രാജീവ്. ഇടക്കാല റിപ്പോർട്ട് സംബന്ധിച്ച് ട്രേഡ് യൂണിയൻ നേതാക്കളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കയർ കോർപ്പറേഷൻ ചെയർമാൻ ജി.വേണുഗോപാൽ, കയർഫെഡ് ചെയർമാൻ ടി.കെ.ദേവകുമാർ, കയർ വികസന ഡയറക്ടർ വി.ആർ.വിനോദ്, മുൻ കയർ കോർപ്പറേഷൻ ചെയർമാൻ ആർ.നാസർ തുടങ്ങിയവർ പങ്കെടുത്തു.
ട്രേഡ് യൂണിയനുകൾ, ഉല്പാദകർ, ചെറുകിട സംഘങ്ങൾ, കയറ്റുമതിക്കാർ എന്നിവരുമായി ചർച്ചകൾക്ക് ശേഷമാണ് റിപ്പോർട്ട് നൽകിയിട്ടുള്ളത്. ചെന്നൈ ഐ.ഐ.ടി പ്രൊഫസർ ഡോ. ശങ്കർ കൃഷ്ണപിള്ള, സി.ഇ.ടി പ്രൊഫസർ ഡോ.കെ.ബാലൻ, പാലക്കാട് ഐ.ഐ.ടി അസോസിയേറ്റ് പ്രൊഫസർ ഡോ.പി.വി. ദിവ്യ, കയർ കോർപ്പറേഷൻ ചെയർമാൻ ഡോ.ജി.വേണുഗോപാൽ, കൊച്ചി സർവ്വകലാശാല അസോസിയേറ്റ് പ്രൊഫസർ ഡോ.എം. രാകേഷ്, കയർ വികസന ഡയറക്ടർ എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. പല സംഘങ്ങളും സ്ഥാപനങ്ങളും സംഘം സന്ദർശിച്ചു.
തൊണ്ടു സംഭരണം, ചകിരി ഉൽപാദനം, കയർപിരി മേഖല, ഉൽപ്പന്ന നിർമ്മാണ മേഖല, കയറ്റുമതി, ചെറുകിട ഉല്പാദന മേഖല, പൊതുമേഖലാസ്ഥാപനങ്ങൾ, സൊസൈറ്റികൾ, കയർഭൂവസ്ത്രത്തിൻറെ സാധ്യതകൾ, കയർ ബോർഡിൻറെ വിഷയം, ഈ മേഖലയിലെ പൊതുമേഖലാസ്ഥാപനങ്ങൾ മെച്ചപ്പെടുത്തേണ്ടതു സംബന്ധിച്ച്, യന്ത്ര ഉൽപാദന മേഖലയിലെ പരിമിതികൾ, റിസർച്ച് സെൻററിന്റെ പ്രവർത്തനം തുടങ്ങി വിവിധ ഉപമേഖലകളായിട്ടാണ് ഇടക്കാല റിപ്പോർട്ട് നൽകിയിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി. റിപ്പോർട്ട് സർക്കാർ അംഗീകാരം നൽകിയിട്ടില്ല. ചർച്ചകൾക്ക് ശേഷമാണ് ശുപാർശകൾ അംഗീകരിക്കുക.
കയർ കോർപ്പറേഷനും കയർഫെഡും സംഭരിക്കുന്നതിൽ ചില പ്രശ്നങ്ങളുണ്ട്. സംഭരിക്കുക, വാങ്ങുക എന്ന കാര്യത്തിൽ നിലവിലുള്ള സ്ഥിതിയിൽ മാറ്റം വരണം. ഗോഡൗണുകൾ ഒഴിയുന്നതിനനുസരിച്ചേ പുതിയ സംഭരണം നടത്താൻ കഴിയൂ. എടുക്കുന്നത് വിൽക്കാനും കഴിയണം. കയർ കോർപ്പറേഷന്റെ ഏഴ് ഗോഡൗണുകൾ ഉണ്ടായിരുന്നത് സ്റ്റോക്ക് വിറ്റഴിച്ചത് വഴി രണ്ടു ഗോഡൗണുകൾ പൂർണമായി ഒഴിവാക്കി. ഇനി അഞ്ചു ഗോഡൗണുകളാണ് ഉള്ളത്. ബാക്കിയുള്ളതും സമയബന്ധിതമായി ഉത്പന്നങ്ങൾ വിറ്റ് തീർക്കണമെന്നാണ് ഉദ്ദേശിക്കുന്നത്. സംഭരിച്ചിരിക്കുന്ന പലതിനും ഇപ്പോൾ ആവശ്യക്കാർ ഇല്ല.
ഫൈബർമാറ്റ് രണ്ടുലക്ഷത്തോളം പീസ് സംഭരിച്ചിട്ടുണ്ട്. വിറ്റഴിക്കൽ പ്രക്രിയയിലൂടെ അത് ഒഴിപ്പിക്കണം. വിറ്റഴിച്ചതോടെ പുതിയ സംഭരണം സർക്കാർ ആരംഭിച്ചതായി മന്ത്രി പറഞ്ഞു. കയർഫെഡിന് 16 ഗോഡൗൺ ഉണ്ടായിരുന്നത് അഞ്ചെണ്ണം തീരുമാനത്തിന്റെ ഭാഗമായി കയർ വിറ്റു തീർത്തിട്ടുണ്ട്. വിപണിയിലെ ആവശ്യകത അനുസരിച്ചായിരിക്കും സംഭരണം. കമ്പോളത്തിന് ആവശ്യമായിട്ടുള്ള ഉൽപ്പന്നങ്ങൾ ഉണ്ടാക്കണം. ഇതിനായി പുതിയ ഉൽപ്പന്നങ്ങൾ കണ്ടെത്തി നിർമിക്കാൻ തൊഴിലാളികളെ പരിശീലിപ്പിക്കാൻ സർക്കാർ ബൃഹത് പദ്ധതി നടപ്പാക്കുകയാണ്. നിലവിലുള്ള തൊഴിലാളികൾക്ക് പരിശീലനം നൽകുന്നതിനായി നാല് കോടി 80 ലക്ഷം രൂപയുടെ പദ്ധതിക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഇതിൽ വലിയ തുക തൊഴിലാളികൾക്ക് സ്റ്റൈപ്പൻഡ് കൊടുക്കുന്നതിന് തന്നെയാണ് വിനിയോഗിക്കുക. ഒരു കോടി രൂപ ഈ വർഷം തന്നെ പദ്ധതിക്കായി നീക്കിവെച്ചിട്ടുണ്ട്. നിലവിലുള്ള മിഷനറികളുടെ ഉത്പാദനക്ഷമത വർധിപ്പിക്കുകയും അറ്റകുറ്റപ്പണികൾക്കായി പ്രത്യേക സംവിധാനം ഒരുക്കുകയും ചെയ്യും.
സംഘങ്ങൾക്കു പ്രവർത്തനമൂലധനത്തിന്റെ അഭാവം ഉണ്ട് എന്ന് ശ്രദ്ധയിൽപ്പെട്ടു. ആറരക്കോടി രൂപ പ്രവർത്തന മൂലധനമായി സംഘങ്ങൾക്ക് നൽകുന്നതിനു തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സംഘങ്ങളുടെ മാനേജർ സബ്സിഡിയായി രണ്ടു കോടി രൂപ സർക്കാർ ഇപ്പോൾ അനുവദിച്ച് ഉത്തരവ് ഇറക്കിയിട്ടുണ്ട്. ആദ്യത്തെ മൂന്നു മാസത്തേക്കുള്ള 50 ലക്ഷം രൂപ ഇപ്പോൾ തന്നെ അനുവദിക്കും. ഇൻകം സപ്പോർട്ട് സ്‌കീമിൽ 2.06 കോടി രൂപ കുടിശ്ശിക ഉണ്ടായിരുന്നത്. ചിറയിൻകീഴ്,വൈക്കം, കായംകുളം, കോഴിക്കോട് പ്രോജക്ട് ഓഫീസുകളുടെ കീഴിലുള്ള സംഘങ്ങൾക്ക് നൽകാൻ ഉത്തരവായിട്ടുണ്ട്.
കയർ കോർപ്പറേഷന് കേന്ദ്ര കുടിശ്ശികയായി 53 കോടി രൂപ നൽകാനുണ്ട്. ഇത് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെ സമീപിച്ചിട്ടുണ്ട്. 2019 മുതലുള്ള കുടിശ്ശികയാണിത്. ഇതും പ്രതിസന്ധി രൂക്ഷമാക്കിയതായി മന്ത്രി പറഞ്ഞു. കയർ ഫെഡിന് സർക്കാർ 3.44 കോടി രൂപ വിലസ്ഥിരതാ ഫണ്ടായി അനുവദിച്ചിട്ടുണ്ട്. നല്ല രീതിയിൽ പ്രവർത്തിക്കുന്ന 10 സംഘങ്ങൾക്ക് 1.87 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തിലും ചേർത്തലയിലെ ഒരു സംഘം സർക്കാരിന് ലാഭ വിഹിതം നൽകി. നല്ല രീതിയിൽ പ്രവർത്തിക്കാൻ കഴിയുമെന്നതിന് തെളിവാണിത്. ചകിരി, കയർ, ഭൂവസ്ത്രം എന്നിവയുടെ വില നിശ്ചയിക്കാൻ കയർ ഡയറക്ടർ, കയർ കോർപറേഷൻ എം.ഡി, കയർഫെഡ് ജി.എം. എന്നിവരടങ്ങുന്ന വില നിർണയ സമിതി രൂപവത്കരിക്കും. ഇവർ മൂന്നുമാസം കൂടുമ്പോൾ യോഗം ചേരും. കൂലി വർധനവ് സംബന്ധിച്ച് തൊഴിലാളികളുടെയും സംഘടനകളുടെയും യോഗം വിളിക്കും. ഈ സർക്കാർ വന്നതിന് ശേഷം 233.08 കോടി രൂപ കയർമേഖലയിൽ ചെലവഴിച്ചിട്ടുണ്ട്. ഇപ്പോൾ പ്രഖ്യാപിച്ചത് കൂടാതെയാണിത്. സർക്കാർ ചെലവഴിക്കുന്നത് പൂർണമായ തോതിൽ തൊഴിലാളിക്ക് ലഭിക്കണം. തറികളുടെ എണ്ണത്തിലും മറ്റും ചില തെറ്റായ പ്രവണതകൾ സമിതി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തൊഴിലാളികൾക്ക് ബാങ്ക് വഴി കൂലി നൽകണമെന്ന നിർദ്ദേശവും റിപ്പോർട്ട് മുന്നോട്ട് വച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.