പാർലിമെന്ററി സംവിധാനം ഗുണപരമാക്കുന്നതിൽ കേരളം മാതൃക: മന്ത്രി കെ രാധാകൃഷ്ണൻ

കുട്ടികളെ നന്മയും ജനാധിപത്യവും സാമൂഹ്യ നീതിയുമുള്ള ഒന്നാംതരം പൗരന്മാരാക്കി മാറ്റാൻ ഉതകുന്ന സംവിധാനമാണ് സ്റ്റുഡൻറ് സഭയെന്നും പാർലിമെന്ററി സംവിധാനം ഗുണകരമായി ഉപയോഗിക്കുന്നതിൽ കേരളം മാതൃകയെന്നും പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. പാർലിമെന്ററി കാര്യ ഇൻസ്റ്റിറ്റ്യൂട്ട് വഴി സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കുന്ന സ്റ്റുഡൻറ് സഭയുടെ ആലോചന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

നല്ലതിന് വേണ്ടി നിൽക്കുന്ന പൊതു മനസ്സാണ് കേരളത്തിന്റേത്. പാർലിമെന്ററി സംവിധാനം ഗുണകരമായി മാറ്റുന്നതിൽ ഇന്ത്യക്ക് മാതൃകയാണ് നമ്മുടെ സംസ്ഥാനം. അസമത്വങ്ങൾ കുറയുന്ന നാടാണിത്. എല്ലാവർക്കും വിദ്യാഭ്യാസവും അടിസ്ഥാന സൗകര്യങ്ങളും നൽകാൻ കേരളത്തിന് കഴിഞ്ഞു. ചർച്ചകൾക്കും സംവാദങ്ങൾക്കുമപ്പുറം നാടിന്റെ വികസനത്തിൽ എങ്ങനെ ഇടപെടാൻ കഴിയും എന്ന അന്വേഷണം ആണ് സ്റ്റുഡൻറ് സഭ നടത്തുന്നത്. സാമൂഹ്യ നീതിയെ കുറിച്ചും ജനാധിപത്യ ബോധത്തെ കുറിച്ചും ശരിയായ കാഴ്ചപ്പാട് കുട്ടിയിൽ സൃഷ്ടിക്കണം.

കൂടുതൽ ശരിയിലേക്ക് അവരെ നയിക്കുകയാണ് സഭയുടെ ലക്ഷ്യം. ഇതിനായി സ്കൂളുകൾ വഴി ഫോറം ഫോർ ഡെമോക്രസി ആൻഡ് സോഷ്യൽ ജസ്റ്റിസ് ക്ലബ്ബുകൾ രൂപീകരിക്കും. സംസ്ഥാനത്ത് മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും സ്റ്റുഡൻറ് സഭ വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികൾ തങ്ങളുടെ ആശയങ്ങൾ ജനപ്രതിനിധികളുമായി ചർച്ച ചെയ്യുന്ന സംവിധാനമാണ് സ്റ്റുഡൻറ് സഭ. ഒരു സ്കൂളിൽ നിന്നും രണ്ടു വിദ്യാർത്ഥികൾ നിയോജകമണ്ഡലം തലത്തിൽ വരുന്ന സഭയിലുണ്ടാകും.

ഉപന്യാസം, ക്വിസ് മൽസരം എന്നിവ വിദ്യാർത്ഥികൾക്കായി നടത്തും. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് നിയോജക മണ്ഡലത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരിക്കണം. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളെ കുറിച്ച് വിദ്യാർത്ഥികൾക്ക്‌ ഷോർട്ട് ഫിലിം മത്സരം, വികസന സെമിനാർ, സർവ്വേ, ചർച്ചകൾ തുടങ്ങിയവ സ്റ്റുഡൻറ് സഭയുടെ ഭാഗമായി നടത്തും.

സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാം സ്റ്റുഡൻറ് സഭയിൽ വരും. ജൂലൈ മാസത്തിൽ കമ്മിറ്റി രൂപീകരിച്ച് ആഗസ്റ്റ് പതിനഞ്ച് ഓടെ ശില്പശാല നടത്തുന്ന രീതിയിൽ സ്റ്റുഡൻറ് സഭ പ്രവർത്തനങ്ങൾ നടക്കുമെന്ന് പാർലിമെന്ററി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. വിബീഷ് യു വി അറിയിച്ചു.

പാർലിമെന്ററി കാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണ സ്വാമി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. എം.അഷറഫ്, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമാരായ കെ.പത്മജ, ഷെയ്ഖ് അബ്ദുൾ ഖാദർ, വി.തങ്കമ്മ, പത്മജ എം. കെ., ഗിരിജ മേലേടത്ത്, ടി.ശശിധരൻ മാസ്റ്റർ,സുനിത പി. പി., ഗവണ്മെന്റ് പോളി ടെക്നിക് പ്രിൻസിപ്പൽ ഡോ. അഹമ്മദ് സെയ്ദ്, പാർലിമെന്ററി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജനറൽ ഡോ.ബിവീഷ് യു. വി., കോളേജ് , ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽമാർ, സ്ക്കൂൾ പ്രധാന അധ്യാപകർ എന്നിവർ ആലോചന യോഗത്തിൽ സന്നിഹിതരായിരുന്നു.