ഇടുക്കി: സംസ്ഥാനത്തെ പ്രകൃതി ദുരന്തങ്ങളുടെയും പ്രളയത്തിന്റെയും പശ്ചാത്തലത്തില്‍ കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി ജില്ലാതല ഉദ്യോഗസ്ഥരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. സംസ്ഥാനത്തെ കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിയമസഭാ സമിതി തയ്യാറാക്കുന്ന റിപ്പോര്‍ട്ടിന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിന് പരിസ്ഥിതി സമിതി ചെയര്‍മാന്‍ മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ സമിതി അംഗങ്ങളായ പി.റ്റി.എ റഹിം എം.എല്‍.എ, കെ.ബാബു എം.എല്‍.എ, എം.വിന്‍സെന്റ് എം.എല്‍.എ എന്നിവര്‍ കലക്ട്രേറ്റില്‍ തെളിവെടുപ്പ് നടത്തിയത്.
ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മൂലം ജില്ലയിലുണ്ടായ ജീവഹാനിയും നാശനഷ്ടങ്ങളെക്കുറിച്ചും സമിതി വിശദമായി ചോദിച്ചറിഞ്ഞു. ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കണക്കിലെടുത്തുള്ള നിര്‍മ്മാണ രീതികള്‍ അവലംബിക്കുന്നതിനും പരിസ്ഥിതി സൗഹാര്‍ദ്ദ നിര്‍മ്മാണ സമീപനങ്ങളെക്കുറിച്ച് വകുപ്പുകളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഉദ്യോഗസ്ഥരില്‍ നിന്നും സമിതി ആരാഞ്ഞു.
ജില്ലയില്‍ ഉരുള്‍പൊട്ടലുണ്ടായ 60 സ്ഥലങ്ങളും മണ്ണിടിഞ്ഞും കുന്നുകളുടെ ഒരുഭാഗം ഊര്‍ന്നുപോയതുമായ 36 കേന്ദ്രങ്ങളും പരിശോധിച്ചതായി ജില്ലാ ജിയോളജിസ്റ്റ് വ്യക്തമാക്കി. ഭൂമിശാസ്ത്രപരമായ കടുതല്‍ പഠനം വേണമെന്ന് അദ്ദേഹം അറിയിച്ചു. ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങളില്‍ ജലത്തിന്റെ കേന്ദ്രീകരണം സംഭവിച്ചിട്ടുള്ളതായും ചളിയുടെ അംശം കൂടുതലുള്ള മണ്ണില്‍ നീര്‍വാര്‍ച്ച സൗകര്യം വേണ്ടത്ര ഇല്ലാത്തതും മണ്ണിടിച്ചില്‍ ശക്തമാക്കി. ജിയോളജി, ഹൈഡ്രോളജി വിഭാഗങ്ങളുടെ പരിശോധനയിലൂടെ കൂടുതല്‍ ശാസ്ത്രീയമായ വിവരങ്ങള്‍ കണ്ടെത്താനാകും. ജില്ലയില്‍ തൊടുപുഴ താലൂക്കില്‍ 2 മുതല്‍ 6 വരെ മീറ്ററിലുള്ള മണ്ണിടിച്ചിലുകള്‍ സംഭവിച്ചിട്ടുണ്ട് . മൂന്നാര്‍ നെടുങ്കണ്ടം മേഖലകളില്‍ 16 മീറ്റര്‍ മുതല്‍ 50 മീറ്റര്‍ വരെയുള്ള മണ്ണിടിച്ചിലാണ് സംഭവിച്ചത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ജിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയും നടത്തിയ പഠനങ്ങളിലൂടെ കൂടുതല്‍ ശാസ്ത്രീയ വിവരങ്ങള്‍ ലഭ്യമാകും. ജില്ലയില്‍ 1631 പേര്‍ക്ക് വീടുകള്‍ പൂര്‍ണ്ണമായും 7627 പേരുടെ വീടുകള്‍ ഭാഗികമായും നശിച്ചതായും 797 പേരുടെ വസ്തുവകകള്‍ക്ക് നാശം നേരിട്ടതായും 836.46 ഹെക്ടര്‍ വസ്തു നഷ്ടപ്പെട്ടതായും റവന്യൂ അധികൃതര്‍ അറിയിച്ചു. വിദ്യാഭ്യാസ മേഖലയില്‍ 50 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും 23 എയ്ഡഡ് സ്‌കൂളുകള്‍ക്കുമായി അഞ്ച് കോടി രൂപയുടെ നഷ്ടം നേരിട്ടതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
മഴക്കെടുതിയില്‍ ജില്ലയില്‍ കാര്‍ഷിക മേഖലക്ക് കനത്ത നാശം നേരിട്ടതായി കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 11530.64 ഹെക്ടര്‍ കൃഷിഭൂമിയിലുള്ള 67,24,74,110 രൂപയുടെ വിളനാശം നേരിട്ടതായും ഇതുമൂലം 30,527 കര്‍ഷകര്‍ക്ക് നഷ്ടം നേരിട്ടതായു കൃഷി വകുപ്പ് അറിയിച്ചു. കലക്ട്രേറ്റില്‍ നടന്ന തെളിവെടുപ്പിനുശേഷം സമിതി അംഗങ്ങള്‍ ചെറുതോണി പാലവും ഉരുള്‍പൊട്ടലുണ്ടായ ഉപ്പുതോടും സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തി. ജില്ലാകലക്ടര്‍ ജീവന്‍ബാബു കെ, എ.ഡി.എം പി.ജി. രാധാകൃഷ്ണന്‍, ദേവികുളം സബ്കലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍, ആര്‍.ഡി.ഒ എം.പി വിനോദ്, ജിയോളജി, കൃഷി, വനം, വൈദ്യുതി, വിദ്യാഭ്യാസം, ടൂറിസം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, പൊതുപ്രവര്‍ത്തകരായ എ.പി ഉസ്മാന്‍, ജോയ് വര്‍ഗ്ഗീസ്, ജോസ്‌കുട്ടി ജോര്‍ജ്ജ്, കര്‍ഷകനായ എം.കെ. ദേവസ്യ തുടങ്ങിയവര്‍ സമിതി മുമ്പാകെ ജില്ലയിലെ പ്രശ്‌നങ്ങള്‍ ഉന്നയിച്ചു. പരിസ്ഥിതി സമിതി മുമ്പാകെ അഭിപ്രായം അറിയിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് 15 ദിവസത്തിനകം വിവരങ്ങള്‍ അറിയിക്കാമെന്ന് സമിതി ചെയര്‍മാന്‍ മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ അറിയിച്ചു.